മുതിര്‍ന്നവരുടെ പോലെ തന്നെ കുട്ടികളുടേയും ചര്‍മ്മത്തിന് നമ്മള്‍ വളരെയധികം പ്രാധാന്യം നല്‍കണം. അവര്‍ക്കും വേനല്‍ക്കാലത്ത് പലവിധത്തിലുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ നേരിടാന്‍ സാധ്യത വളരെ കൂടുതലാണ്. പ്രത്യേകിച്ച് മുതിര്‍ന്നവരേക്കാള്‍ കൂടുതല്‍ പ്രശ്‌നം കുട്ടികള്‍ക്കാണ് ഉണ്ടാവുക. കാരണം, കുട്ടികളുടെ ചര്‍മ്മം വളരെയധികം സെന്‍സിറ്റീവ് ആണ്.
ഈ വേനല്‍ക്കാലത്ത് കുട്ടികളുടെ ചര്‍മ്മം സംരക്ഷിക്കുന്നതിനായി മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട ചിലകാര്യങ്ങളുണ്ട്. അവ ഏതെല്ലാമാണെന്നും കുട്ടികള്‍ക്ക് വരുന്ന രോഗങ്ങള്‍ ഏതെല്ലാമെന്നും നോക്കാം.കുട്ടികള്‍ പ്രായമാവരെപ്പോലെ അടങ്ങി ഒതുങ്ങി ഇരിക്കാന്‍ താല്‍ര്യപ്പെടുന്നവരല്ല. എപ്പോഴും പുറത്തേയ്ക്ക് ഇറങ്ങുകയും മുറ്റത്തും പറമ്പിലും, സ്‌കൂളിലുമെല്ലാം ഓടി ചാടി കളിച്ച് നടക്കുന്നവരാണ്. അതിനാല്‍ തന്നെ സൂര്യന്റെ ചൂട് അമിതമായി ഏല്‍ക്കാനുള്ള സാധ്യതയും കൂടുന്നു.
ഇത്തരത്തില്‍ നല്ല വെയിലത്ത് കളിക്കുന്നത് കുട്ടികളില്‍ അമിതമായി വിയര്‍പ്പ് ഉണ്ടാകുന്നതിലേയ്ക്കും ഇത് ചര്‍മ്മത്തില്‍ അലര്‍ജി ഉണ്ടാക്കുന്നതിനും ഒരു പ്രധാന കാരണമാണ്. അതുപോലെ കുട്ടികളില്‍ ഡീഹൈഡ്രേഷന്‍ ഉണ്ടാക്കുന്നുണ്ട്.
കുട്ടികളുടെ ചര്‍മ്മത്തില്‍ പാടുകള്‍ വരുന്നതിനും കരുവാളിപ്പ് വരുന്നതിനും ഇത് ഒരു പ്രധാന കാരണമാണ്. അതുപോലെ, ചൂടുകാലത്ത് കുട്ടികള്‍ക്ക് ഉണ്ടാകുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് ചൂടുകുരു. അതുപോലെ, നിറം മങ്ങണതും കരുവാളിപ്പുമെല്ലാം തന്നെ കുട്ടികളേയും കാര്യമായി ബാധിക്കുന്നു.
കുട്ടികളുടെ ചര്‍മ്മം സംരക്ഷിക്കാന്‍ വേനല്‍ക്കാലത്ത് കുട്ടികളെ കുളിപ്പിച്ചാല്‍ മാത്രം പോര, നന്നായി വെള്ളം കുടിക്കാന്‍ ശീലിപ്പിക്കണം. അതുപോലെ, നല്ല തണുപ്പ് തരുന്ന പഴങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കണം.
കുട്ടികള്‍ക്ക് നല്ല കോട്ടന്‍ വസ്ത്രങ്ങള്‍ ധരിക്കാന്‍ നല്‍കുന്നത് കുട്ടികളിലെ ചര്‍മ്മ പ്രശ്‌നങ്ങള്‍ കുറയ്ക്കാനും ചൂട് കുറയ്ക്കാനും സഹായിക്കും. അതുപോലെ, നല്ല കട്ടിയുള്ള വസ്ത്രങ്ങള്‍ ഒഴിവാക്കുന്നത് നല്ലതാണ്. ഇതും കുട്ടികളുടെ ചര്‍മ്മം സംരക്ഷിക്കാന്‍ സഹായിക്കും.
അതുപോലെ, ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുക എന്നത്. കുട്ടികളും വെയിലത്ത് ഇറങ്ങുന്നവരാണ്. വളരെ ലോലമായ ചര്‍മ്മമാണ് അവര്‍ക്ക് ഉള്ളത്. അതിനാല്‍, കുട്ടികള്‍ക്ക് ചേരുന്ന സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കേണ്ടത് അനിവാര്യം.കുട്ടികളേയും കൊണ്ട് മാതാപിതാക്കള്‍ പുറത്തേയ്ക്ക് ഇറങ്ങുമ്പോള്‍ കുട്ടികള്‍ക്ക് സണ്‍സ്‌ക്രീന്‍ പുരട്ടണം എന്നാണ്. ഇത് കുട്ടികളുടെ ചര്‍മ്മം സംരക്ഷിക്കാന്‍ സഹായിക്കുന്നുണ്ട്. പ്രത്യേകിച്ച്, പുറത്ത് എത്രനേരം സമയം ചെലവഴിച്ചാലും കുട്ടികളുടെ ചര്‍മ്മം സംരക്ഷിക്കപ്പെടും.
കുട്ടികളുടെ ദേഹത്ത് സണ്‍സ്‌ക്രീന്‍ പുരട്ടുന്നതിന് മുന്‍പ് മോയ്‌സ്ച്വറൈസര്‍ പുരട്ടാന്‍ മറക്കരുത്. മുഖത്തും കഴുത്തിലും അതുപോലെ, കുട്ടികള്‍ ധരിക്കുന്ന വസ്ത്രത്തിനൊത്ത് എവിടെയെല്ലാം സൂര്യപ്രകാശം ഏല്‍ക്കുന്നുവോ അവിടെയെല്ലാം സണ്‍സ്‌ക്രീന്‍ പുരട്ടാന്‍ മറക്കരുത്.
അതുപോലെ, കുട്ടികളുടെ സണ്‍സ്‌ക്രീന്‍ തിരഞ്ഞെടുക്കുമ്പോള്‍ എസ്പിഎഫ് 30ന് മുകളില്‍ ഉള്ളത് തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. കുട്ടികള്‍ക്കുള്ള സണ്‍സ്‌ക്രീന്‍ തിരഞ്ഞെടുക്കുന്നതിന് മുന്‍പ് അതിലെ ചേരുവകള്‍ എന്തെല്ലാമെന്നും ശ്രദ്ധിക്കണം. പ്രത്യേകിച്ച്, സിങ്ക് ഓക്്‌സൈഡ്, ടൈറ്റാനിയം ഡൈ ഓക്‌സൈഡ്, ഓക്‌സിബെന്‍സോണ്‍, ഓക്റ്റിനോക്‌സേറ്റ് എന്നിവ അടങ്ങിയ സണ്‍സ്‌ക്രീന്‍ കുട്ടികള്‍ക്കായി വാങ്ങരുത്. ഇത് ഇവരുടെ ചര്‍മ്മത്തിന് ദോഷം ചെയ്യും.
കുട്ടികള്‍ക്ക് ഒരു 6 മാസം ആകുന്നത് മുതല്‍ സണ്‍സ്‌ക്രീന്‍ പുരട്ടി തുടങ്ങാവുന്നതാണ്. പഠിക്കാന്‍ പോകുന്ന കുട്ടികള്‍ക്കാണെങ്കില്‍ വാട്ടര്‍ ബേയ്‌സ്ഡ് സണ്‍സ്‌ക്രീന്‍ വാങ്ങുന്നതാണ് നല്ലത്. കാരണം, അവര്‍ പുറത്ത് കളിക്കാനും മറ്റും പോകുമ്പോള്‍ കൂടുതല്‍ സമയം വെയില്‍ കൊള്ളുന്നു.