”നമ്മുടെ കുട്ടികള്‍ ഇനി കർണ്ണാടകത്തിൽ പഠിക്കണോ ?”

ഇന്ന് കർണ്ണാടകം നമുക്കു കൂച്ചുവിലങ്ങിടാൻ ശ്രമിക്കുന്നു. ഒരു രോഗിയെ കാസര്‍കോടിനും മംഗലാപുരത്തിനുമിടയിലുള്ള തലപ്പാടി ചെക്കുപോസ്റ്റിൽ അവർ തടഞ്ഞതു മൂലം ആശുപത്രിയിലെത്തിക്കാനാവാതെ മരണപ്പെട്ടു.

ഇത്തരത്തിൽ ഭീകരമായ മനുഷ്യാവകാശലംഘനം നടത്തുന്ന ഈ സാഹചര്യത്തില്‍ കേരളത്തിലെ പ്രമുഖനായൊരു വിദ്യാഭ്യാസോപദേഷ്ടാവ് ‘ദി കേരള ഓൺലൈനി’നു നൽകിയ ഒരു പ്രത്യേകാഭിമുഖത്തിൽ അദ്ദേഹം ചോദിച്ച ചോദ്യമാണിത്‌

കർണാടകസംസ്ഥാനത്തിൻ്റെ സമീപമുള്ള കേരളജില്ലകളായ കണ്ണൂരും കാസർകോടും ഉള്ള രക്ഷിതാക്കൾ തങ്ങളുടെ മക്കളെ ഇനി വരുന്ന അദ്ധ്യയന വർഷത്തിൽ മംഗലാപുരത്ത് പഠിപ്പിക്കാൻ വിടില്ല എന്നു പറഞ്ഞാല്‍ കർണ്ണാടകം ഈ മർക്കടമുഷ്ടിനിലപാട് മാറ്റും എന്നാണ് അദ്ദേഹത്തിൻ്റെ അഭിപ്രായം.

നമ്മുടെ കുട്ടികളെ തമിഴ്നാട്ടിൽ ചേർത്തുപഠിപ്പിക്കാവുന്നതേയുള്ളൂ.

മംഗലാപുരത്ത് ഉള്ള എല്ലാ കോളേജുകളും കേരളത്തില്‍ നിന്നുള്ള വിദ്യാർത്ഥികളെ ആശ്രയിച്ചാണ് നില നിൽക്കുന്നത്. ഇവിടെ നിന്നുള്ള കുട്ടികൾ ചെന്നില്ലെങ്കിൽ അവിടുത്തെ കോളേജുകളിൽ ഭൂരിഭാഗം സീറ്റുകളും ഒഴിഞ്ഞു കിടക്കും. അത് ഭീമമായ നഷ്ടമായിരിക്കും കോളേജുകൾക്ക് ഉണ്ടാക്കുക.

ഈ നിലപാടാണ് കർണ്ണാടകത്തിൻ്റേതെങ്കിൽ ഇങ്ങനെ ചിന്തിക്കുന്നതിൽ തെറ്റെന്താണെന്ന് അദ്ദേഹം ചോദിക്കുന്നു.