കോവിഡ് ബോധവൽക്കരണ സന്ദേശവുമായി ആരാധാനലയങ്ങൾ

Announcements Covid19 HEALTH KERALA

കാസർകോഡ്: കോവിഡ് രണ്ടാം തരംഗം ആശങ്കപ്പെടുത്തുമ്പോള്‍ ആരാധനാലയങ്ങളും ബോധവൽക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകുന്നു. പള്ളികളിലെയും അമ്പലങ്ങളിലെയും മൈക്കിലൂടെ ഇപ്പോള്‍ നാട്ടുകാരിലെത്തുന്നത് ബാങ്ക് വിളികളും കീര്‍ത്തനങ്ങളും മാത്രമല്ല, കോവിഡ് പ്രതിരോധ ബോധവൽക്കരണ സന്ദേശങ്ങള്‍ കൂടിയാണ്.
ലോക്ഡൗണ്‍ കാലത്ത് വീട്ടിലിരിക്കേണ്ടതും സാമൂഹിക അകലം പാലിക്കല്‍, സാനിറ്റൈസര്‍ ഉപയോഗം, കൈകഴുകല്‍ ശീലമാക്കല്‍ തുടങ്ങിയ കാര്യങ്ങളാണ് അനൗണ്‍സ്‌മെന്റുകളായി മുഴങ്ങുന്നത്.

താജുല്‍ ഇസ്‌ലാം ജമാഅത്ത് കമ്മിറ്റിക്ക് കീഴിലെ ചെറുവത്തൂര്‍ കൊവ്വലിലെ മൊഹിയുദ്ദീന്‍ ജുമാമസ്ജിദില്‍ നിന്നും ദിവസവും രാവിലെയും വൈകിട്ടും കൊവിഡ് പ്രതിരോധ സന്ദേശങ്ങള്‍ അനൗണ്‍സ് ചെയ്യുന്നുണ്ട്. നെല്ലിക്കാത്തുരുത്തി കഴകം നിലമംഗലം ഭഗവതി ക്ഷേത്രത്തില്‍ ഭക്തിഗാനത്തിന് പകരം കോവിഡ് ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ അറിയിക്കും. പടന്ന ശ്രീമുണ്ട്യ ക്ഷേത്രത്തില്‍ പ്രഭാത, സന്ധ്യാ പ്രാര്‍ഥനാ സമയത്താണ് അനൗണ്‍സ്‌മെന്റ്. ശ്രീവയല്‍ക്കര ഭഗവതി ക്ഷേത്രം ദിവസവും രണ്ട് നേരം ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ ഉച്ചഭാഷിണിയിലൂടെ നാട്ടുകാരിലെത്തിക്കുന്നു. തൃക്കരിപ്പൂര്‍ ഒളവറ ജുമഅത്ത് പള്ളി, ഒളവറ മുണ്ട്യകാവ്, കരിങ്കടവ് അയ്യപ്പ ഭജന മഠം, ബേഡഡുക്ക പഞ്ചായത്തിലെ വേലക്കുന്ന് ശിവക്ഷേത്രം, ഗാന്ധിനഗര്‍ അയ്യപ്പഭജനമന്ദിരം, കൈരളി പാറ ഭജനമന്ദിരം, ബാവിക്കരയടുക്കം ഭജനമന്ദിരം എന്നിവിടങ്ങളില്‍ നിന്നും കൊവിഡ് സന്ദേശങ്ങള്‍ മൈക്കിലൂടെ ജനങ്ങളിലെത്തിക്കുന്നുണ്ട്.
ചെറുവത്തൂര്‍ പഞ്ചായത്തില്‍ ബാലഗോകുലം ശ്രീ വിഷ്ണു മൂര്‍ത്തി ക്ഷേത്രം, അച്ചാംതുരുത്തി കാലിച്ചാന്‍ ദേവസ്ഥാനം, ചെറുവത്തൂര്‍
കാരിയില്‍ ശ്രീ ആലിന്‍കീഴില്‍ വിഷ്ണുമൂര്‍ത്തി ക്ഷേത്രം, പാലിച്ചോന്‍ ദേവസ്ഥാനം കാട്ടുതല എന്നിവിടങ്ങളിലും ഉച്ചഭാഷിണികള്‍ കോവിഡ് സന്ദേശ പ്രചാരണത്തിനായി ഉപയോഗിക്കുകയാണ്.
ആരാധനാലയങ്ങളില്‍ നിന്നും രാവിലെയും വൈകീട്ടുമുള്ള വിളംബരം നാട്ടുകാര്‍ക്ക് തിരിച്ചറിവേകുന്നുമുണ്ട്. മഹാമാരിക്കുമുന്നില്‍ മനുഷ്യരക്ഷക്കായി ആരാധനാലയങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുകയാണിവിടെ.
മാഷ് പദ്ധതി അധ്യാപകരുടെയും സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെയും ജാഗ്രതാ സമിതികളുടെയും ആശയമാണ് ഇതിലൂടെ പ്രാവര്‍ത്തികമാകുന്നത്.

READ ALSO  പാലാ ബിഷപ്പിന്‍റെ വിദ്വേഷ പ്രസംഗത്തിനെതിരെ പ്രതിഷേധo ; കുരിശ്​ ചുമന്ന്​ മാര്‍ച്ച്‌ നടത്തി

ഇതോടൊപ്പം കൊവിഡ് പ്രതിരോധ കുത്തിവെപ്പിനായും ആരാധാനാലയങ്ങള്‍ ആരോഗ്യവകുപ്പുമായി സഹകരിക്കുന്നു. നീലേശ്വരം നഗരസഭയിലെ തൈക്കടപ്പുറം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കോവിഡ് വാക്‌സിനേഷന്‍ സെന്ററിന്റെ വിപുലീകരണത്തിനായി തൈക്കടപ്പുറം ജമാഅത്ത് കമ്മിറ്റി മദ്രസ കെട്ടിടം വിട്ടുനല്‍കി. നിലവില്‍ ആശുപത്രിയോടനുബന്ധിച്ച് പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന വാക്‌സിനേഷന്‍ കേന്ദ്രം കൂടുതല്‍ സൗകര്യപ്രദമായ കേന്ദ്രത്തിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കുമ്പോഴാണ് തൈക്കടപ്പുറം ജമാഅത്ത് കമ്മിറ്റിയുടെ ഭാരവാഹികള്‍ മദ്രസ കെട്ടിടം ഈ ആവശ്യത്തിനു വേണ്ടി വിട്ടു തരാന്‍ തയ്യാറായി മുന്നോട്ട് വന്നത്. മദ്രസ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച വാക്‌സിനേഷന്‍ സെന്ററില്‍ വാക്‌സിനേഷന്‍ എടുത്തവര്‍ക്കുള്ള വിശ്രമ മുറി ഉള്‍പ്പെടെ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

READ ALSO  കെ റെയില്‍ അട്ടിമറിക്കാന്‍ യു ഡി എഫ് ശ്രമിക്കുന്നു : എ വിജയരാഘവന്‍

പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി ജനങ്ങളെ ആശ്വസിപ്പിച്ചും ബോധവല്‍കരിച്ചുമുള്ള സന്ദേശങ്ങള്‍ നാടിനെയാകെ ജാഗ്രതയില്‍ നിര്‍ത്തുന്നതിന് സഹായിക്കുന്നു. സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ക്കും അറിയിപ്പുകള്‍ക്കുമൊപ്പം മഹാമാരിക്കാലത്ത് ആരാധനാലയങ്ങളുടെ ഇടപെടല്‍ മാതൃകാപരമാണ്.

img