സിസ്റ്റർ അഭയ കൊലകേസ് പ്രതികളുടെ പരോൾ രേഖകൾ കെട്ടിച്ചമച്ചത്

സിസ്റ്റർ അഭയ കേസിലെ പ്രതികൾക്ക് പരോൾ അനുവദിച്ചത് കോവിഡ് രണ്ടാം തരംഗത്തിന്റെ മറവിൽ സുപ്രീംക്കോടതി നിയോഗിച്ച ഹൈപവർ കമ്മിറ്റിയാണെന്ന് ജയിൽ ഡി. ജി. പി ഋഷി രാജ് സിങിന്റെ രേഖാമൂലമുള്ള വിശദീകരണം കളവാണെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത്.

അഭയ കേസിൽ ഇരട്ട ജീവപര്യന്തം കഠിന തടവിനും ജീവപര്യന്തം കഠിന തടവിനും കോടതി ശിക്ഷിച്ച അഭയ കേസിലെ പ്രതികളായ ഫാ. തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർക്ക് 2021 മെയ്‌ 11 ന് 90 ദിവസം പരോൾ അനുവദിച്ചത് സുപ്രീംക്കോടതി നിയോഗിച്ച ജയിൽ ഹൈപവർ കമ്മിറ്റി അധ്യക്ഷൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ്. സി. റ്റി രവികുമാർ ആണെന്ന് ജയിൽ ഡി. ജി. പി.യുടെ രേഖാമൂലമുള്ള വിശദീകരണത്തിനെതിരെഅഭയ കേസ് ആക്ഷൻ കൗൺസിൽ കൺവീനർ ജോമോൻ പുത്തൻപുരയ്ക്കൽ, ജസ്റ്റിസ് സി. റ്റി രവികുമാറിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അഭയ കേസിലെ പ്രതികൾക്ക് പരോൾ അനുവദിച്ചത് തന്റെ നേതൃത്വത്തിലുള്ള ഹൈപവർ കമ്മിറ്റി അല്ലെന്ന് കേരള സ്റ്റേറ്റ് ലീഗൽ സർവ്വീസ് അതോറിറ്റി എക്സിക്യൂട്ടീവ് ചെയർമാൻ കൂടിയായ ജസ്റ്റിസ്. സി. റ്റി രവികുമാറിന്റെ നിർദ്ദേശപ്രകാരം ജില്ലാ ജഡ്ജിയും മെമ്പർ സെക്രട്ടറിയുമായ കെ. റ്റി നിസാർ അഹമ്മദ്‌ രേഖാമൂലം ജോമോൻ പുത്തൻപുരയ്ക്കലിനെ അറിയിച്ചു.

സുപ്രീംക്കോടതി ഉത്തരവ് പ്രകാരം ഹൈപവർ കമ്മിറ്റി, 10 വർഷത്തിൽ താഴെ ശിക്ഷിച്ച പ്രതികൾക്കാണ് പരോൾ അനുവദിച്ചിട്ടുള്ളത് എന്നും,
അഭയ കേസിലെ ജീവപര്യന്തം ശിക്ഷിച്ച പ്രതികൾക്ക് ഹൈപവർ കമ്മിറ്റി പരോൾ അനുവദിച്ചിട്ടില്ലെന്നും, കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

അഭയ കേസിലെ പ്രതികളെ ജീവപര്യന്തം കോടതി ശിക്ഷിച്ച് 5 മാസം തികച്ച് ജയിലിൽ കിടക്കുന്നതിന് മുൻപാണ്, പ്രതികൾക്ക് നിയമവിരുദ്ധമായി സംസ്ഥാന സർക്കാർ പരോൾ കൊടുത്തെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്. കൂടാതെ ഫാ. തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും ഹൈക്കോടതിയിൽ നൽകിയ ജാമ്യഹർജി കഴിഞ്ഞ 7 മാസത്തിനിടയിൽ 5 പ്രാവശ്യം, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച്, ജാമ്യം നൽകാതെ മാറ്റി വച്ചിരിക്കുകയായിരുന്നു. പ്രതികൾക്ക് ജാമ്യം ലഭിക്കുവാൻ വേണ്ടി “ഏതെങ്കിലും കോടതിയിൽ ഹർജി നിലവിലുണ്ടെങ്കിൽ, സർക്കാർ പരോൾ അനുവദിക്കാൻ പാടില്ല ” എന്നുള്ള പൊതുമാനദണ്ഡം പോലും അഭയ കേസിലെ പ്രതികൾക്ക് സർക്കാർ പരോൾ അനുവദിച്ചപ്പോൾ പരിഗണിച്ചില്ലെന്ന് ആക്ഷേപം ഉയർന്നിരിക്കുകയാണ്.