തൃശൂർ സിറ്റി പോലീസിന്റെ സ്പെഷൽ ആക്ഷൻ ഗ്രൂപ്പ് രംഗത്ത്

ആസൂത്രിത കുറ്റകൃത്യങ്ങൾ തടയുന്നതിനും കുറ്റവാളികളെ കണ്ടെത്തുന്നതിനും തൃശൂർ സിറ്റി പോലീസ് സ്പെഷൽ ആക്ഷൻ ഗ്രൂപ്പ് രൂപീകരിച്ചു. Special Action Group Against Organized Crimes – SAGOC എന്നാണ് ടീമിന് നൽകിയിട്ടുള്ള പേര്.
വിവിധ പോലീസ് സ്റ്റേഷനുകളിൽ പ്രവർത്തിച്ച് കുറ്റാന്വേഷണ രംഗത്ത് മികവു തെളിയിച്ച പോലീസുദ്യോഗസ്ഥരെയാണ് ഇതിലേക്ക് തിരഞ്ഞെടുത്തിട്ടുള്ളത്. സ്പെഷൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർക്കാണ് ഇവരുടെ മേൽനോട്ട ചുമതല. ടീമംഗങ്ങളായ പോലീസുദ്യോഗസ്ഥർക്ക് ശാസ്ത്രീയ കുറ്റാന്വേഷണം, മൊബൈൽ ഫോൺ – കമ്പ്യൂട്ടർ സാങ്കേതിക വിദ്യ, ക്യാമറ ദൃശ്യങ്ങൾ നിരീക്ഷിച്ച് കുറ്റവാളികളെ കണ്ടെത്തൽ, തുടങ്ങിയ വിഷയങ്ങളിൽ ഇതിനോടകം പരിശീലനം നൽകിക്കഴിഞ്ഞു.
ഗുരുവായൂരിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങളും, പണവും കവർച്ച ചെയ്ത കേസ്, പേരാമംഗലത്ത് കെ.എസ്.ആർ.ടി.സി ബസ്സുകൾക്ക് കല്ലെറിഞ്ഞ കേസ്, ഒല്ലൂരിലും പീച്ചിയിലും ബൈക്കിലെത്തി സ്ത്രീകളുടെ സ്വർണമാല കവർച്ചചെയ്തത് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതികളെ അറസ്റ്റുചെയ്തതിനുപിന്നിൽ SAGOC സംഘാംഗങ്ങളാണ്.