സ്‌കൂള്‍ കലോത്സവം: കണ്ണൂർ മുന്നേറ്റം തുടരുന്നു, മൂന്നാം സ്ഥാനത്തേക്ക് കുതിച്ച് കയറി പാലക്കാട്

കോഴിക്കോട് : 61ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം 2 ദിനം പിന്നിടുമ്പോൾ 458 പോയിന്‍റുമായി കണ്ണൂര്‍ ഒന്നാമത്. 453 പോയിൻ്റുമായി ആതിഥേയരായ കോഴിക്കോടാണ് രണ്ടാമത്. നിലവിലെ ജേതാക്കളായ പാലക്കാട് 448 പോയിൻ്റുമായി മൂന്നാം സ്ഥാനത്താണ്. ഒന്നാം ദിനത്തില്‍ ആറാമതായിരുന്നു നിലവിലെ ചാമ്പ്യന്മാരുടെ സ്ഥാനം. 439 പോയിൻ്റുള്ള തൃശൂരും 427 പോയിൻ്റുള്ള മലപ്പുറവുമാണ് നാലും അഞ്ചും സ്ഥാനങ്ങളിൽ. സ്കൂൾ തലത്തിൽ തിരുവനന്തപുരം കാർമെൽ ഇ എം, എച്ച് എസ് എസ്സാണ് 87 പോയിൻ്റുമായി ഒന്നാമത്. കണ്ണൂർ സെൻ്റ് തെരാസസ് ആംഗ്ലോ ഇന്ത്യൻ എച്ച് എസ് എസ് 73 പോയിൻ്റുമായി രണ്ടാം സ്ഥാനത്തുണ്ട്.

ആകെയുടെ 239 ൽ 119 ഇനങ്ങളാണ് ആദ്യ രണ്ട് ദിനങ്ങളില്‍ പൂർത്തിയായത്. ഹൈസ്‌കൂള്‍ ജനറല്‍ വിഭാഗത്തില്‍ 96ല്‍ 49ഉം ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 105ല്‍ 50, ഹൈസ്‌കൂള്‍ അറബിക് – 19ല്‍ 11, ഹൈസ്‌കൂള്‍ സംസ്‌കൃതം – 19 ല്‍ 9 ഉം ഇനങ്ങളാണ് പൂര്‍ത്തിയായത്. മൂന്നാം ദിനമായ ഇന്ന് 55 മത്സരങ്ങൾ വേദി കയറും. തിരുവാതിരക്കളി, കുച്ചുപ്പുടി, അറബനമുട്ട്, വട്ടപ്പാട്ട്, മാപ്പിളപ്പാട്ട്, തുള്ളൽ.. തുടങ്ങിയ ഇനങ്ങളാണ് വേദിയിലെത്തുക. എല്ലാ വേദികളിലും രാവിലെ 9 മണിയോടെ തന്നെ മത്സരങ്ങൾ ആരംഭിക്കും.

അതേസമയം, സ്കൂൾ കലോത്സവത്തിന്റെ രണ്ടാം വേദിയായ സമൂതിരി സ്കൂളിൽ നടന്ന ഹയർസെക്കന്ററി വിഭാഗം നാടക മത്സരം അവതരണം കൊണ്ടും വിഷയത്തിലെ പുതുമ കൊണ്ടും ശ്രദ്ധേയമായി. 17 നാടകങ്ങളാണ് വേദിയിലെത്തിയത്. മുഴുവൻ നാടകങ്ങളും കൈയ്യടി നേടി. നിറഞ്ഞു കവിഞ്ഞ വേദിക്ക് മുന്നിലാണ് നാടക മത്സരങ്ങൾ അരങ്ങേറിയത്. കെ. ആർ മീരയുടെ ആരാച്ചാർ, കരിങ്കോഴി, അയ്യങ്കാല, തുടങ്ങിയ നാടകങ്ങൾ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിപ്പിച്ചുമെല്ലാം വേദിയിൽ എത്തി. നിരന്തര പരിശീലനത്തിലൂടെയും ആത്മസമർപ്പണത്തിലൂടെയുമാണ് നാടകം വേദിയിൽ എത്തിച്ചതെന്നാണ് കുട്ടികലാകാരന്മാർ അഭിപ്രായപ്പെടുന്നത്.

മലയാളത്തിൻ്റെ വിശ്വവിഖ്യാതനായ കഥാകാരൻ വൈക്കം മുഹമ്മദ് ബഷീറിൻ്റെ വൈലാലിൽ വീട് സന്ദർശിക്കാന്‍ സാധിച്ചത് രചനാ മത്സരവിദ്യാർത്ഥികള്‍ക്ക് പുതിയ അനുഭവമായി. അറുപത്തിയൊന്നാമത് സംസ്ഥാന സ്കൂൾ കലോത്സവങ്ങളിലെ രചനാ മത്സരാർത്ഥികൾക്കായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സംഘടിപ്പിച്ച ബേപ്പൂർ സുൽത്താൻ്റെ വീട്ടിലേക്കൊരു യാത്രയുടെ ഭാഗമായിട്ടായിരുന്നു സന്ദർശനം.

യാത്രയുടെ ഫ്ലാഗ് ഓഫ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസും ചേർന്ന് നിർവ്വഹിച്ചു. സംസ്ഥാനത്തിൻ്റെ വിവിധ ജില്ലകളിൽ നിന്നും വിവിധ രചനാ മത്സരങ്ങളിൽ പങ്കെടുത്ത വിദ്യാർത്ഥികളായിരുന്നു യാത്രാ അംഗങ്ങൾ. വൈലാലിലെ വീട്ടിലെത്തിയ യാത്രാ സംഘത്തെ ബഷീറിൻ്റെ മകൻ അനീസ് ബഷീറും കുടുംബവും ചേർന്ന് സ്വീകരിച്ചു. ഭാഗ്യം ലഭിച്ച കുട്ടികളാണ് നിങ്ങളെന്നും എം ടി വാസുദേവന്‍ നായരേയും വൈക്കും മുഹമ്മദ് ബഷീറിനെയും പോലുള്ള എഴുത്തുകാർ വളർന്ന് വരട്ടെയെന്നും അദ്ദേഹം ആശംസിച്ചു. വിട പറഞ്ഞിട്ട് വർഷങ്ങൾ പിന്നിടുമ്പോളും ബഷീർ ഇന്നും ഓർമിക്കപ്പെടുന്നത് ഏറ്റവും വലിയ അംഗീകാരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാങ്കോസ്റ്റിൻ മരവും ബഷീറിൻ്റെ ഗ്രാമഫോണും കഥകളിലൂടെ മാത്രം അറിഞ്ഞ ബഷീറിൻ്റെ സാഹിത്യലോകവും കൺമുമ്പിൽ കണ്ടതോടെ പലർക്കും അതൊരു നവ്യാനുഭമായി. ശേഷം കുട്ടികൾക്കെല്ലാം ഹൽവ വിതരണം ചെയ്തു. കോഴിക്കോടിൻ്റെ ചരിത്രവും വിവരിച്ച് നൽകാൻ രജീഷ് രാഘവനും യാത്രയെ നയിക്കാൻ ഡി ടി പി സി പോഗ്രാം കോഡിനേറ്റർ മുഹമ്മദ് ഇർഷാദുമുണ്ടായിരുന്നു.