തിരുവനന്തപുരം: അധ്യാപകന്‍ പിടിച്ചു തള്ളിയതിനെത്തുടര്‍ന്ന് ബെഞ്ചിലിടിച്ച് നട്ടെല്ലിന് പരിക്കേറ്റ ആറാം ക്ലാസുകാരന്‍ ഒന്നരമാസമായി ചികിത്സയില്‍. നോട്ട് എഴുതിയില്ലെന്ന കുറ്റത്തിനാണ് വിദ്യാര്‍ഥിയെ ഷര്‍ട്ടില്‍ പിടിച്ച് തള്ളിയെറിഞ്ഞത്.
നവംബര്‍ 16-ന് വെഞ്ഞാറമൂട് പാറയ്ക്കല്‍ സര്‍ക്കാര്‍ യു.പി. സ്‌കൂളിലാണ് സംഭവം. അധ്യാപകന്‍ അമീര്‍ ഖാനെതിരേ വെഞ്ഞാറമൂട് പോലീസിലും വിദ്യാഭ്യാസ വകുപ്പിനും പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിച്ചിട്ടില്ല. വെഞ്ഞാറമൂട് പോലീസ് കേസെടുത്തിട്ടുണ്ടെങ്കിലും തുടര്‍നടപടികളൊന്നും ഉണ്ടായില്ല. നോട്ട് എഴുതാതെ ക്ലാസില്‍ വന്ന പാറയ്ക്കല്‍ മൂളയം സ്വദേശിയായ ആറാം ക്ലാസുകാരനെ ക്ലാസ് മുറിയില്‍ വെച്ച് അമീര്‍ഖാന്‍ ഷര്‍ട്ടില്‍ തൂക്കി ബെഞ്ചിലേക്ക് വലിച്ചെറിയുകയായിരുന്നുവെന്നാണ് പരാതി. വീഴ്ചയില്‍ െബഞ്ചിന്റെ അഗ്രത്തില്‍ നട്ടെല്ല് ഇടിച്ചതായി കുട്ടിയുടെ അമ്മ പറയുന്നു.
പിറ്റേന്നും വേദന മാറാത്തതിനെത്തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ടുപോയി. അവിടെ നടന്ന പരിശോധനയിലാണ് നട്ടെല്ലിന് സാരമായ പരിക്കേറ്റെന്ന് മനസ്സിലായത്. ഡോക്ടറുടെ നിര്‍ദേശ പ്രകാരമാണ് പോലീസില്‍ പരാതി നല്‍കിയത്. ചൈല്‍ഡ് ലൈനിലും പരാതി നല്‍കി. ഇടതു സംഘടനാ നേതാവു കൂടിയായ അമീര്‍ഖാനെ അധികൃതര്‍ സംരക്ഷിക്കുകയാണെന്ന് പരാതിയില്‍ പറയുന്നു. മൊഴി മാറ്റിപ്പറയാന്‍ സ്‌കൂള്‍ അധികൃതരുടെ ഭാഗത്തുനിന്നു കുട്ടിയുെട അമ്മയ്ക്കുമേല്‍ സമ്മര്‍ദമുണ്ടെന്നും ആരോപണമുണ്ട്. ഒരു മാസത്തിലേറെയായി കുട്ടി സ്‌കൂളില്‍ എത്താതിരുന്നിട്ടും സ്‌കൂളില്‍നിന്ന് ആരും അന്വേഷിച്ചിട്ടില്ലെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. എന്നാല്‍ സംഭവം മനപ്പൂര്‍വമല്ലെന്നും കുട്ടിയെ അധ്യാപകന്‍ പിടിച്ചു ഇരുത്തിയപ്പോള്‍ പുറകിലിരുന്ന ബെഞ്ച് കൊണ്ടെന്നുമാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്.