പെട്ടെന്ന് കാര്യം നടക്കാന്‍ 3000 വേണം; കൈക്കൂലി വാങ്ങിയ സബ് രജിസ്ട്രാര്‍ ഓഫീസ് ജീവനക്കാരി പിടിയില്‍……

നേമം: സബ് രജിസ്ട്രാര്‍ ഓഫീസിലെ ജീവനക്കാരി കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്റെ പിടിയില്‍. നേമം സബ് രജിസ്ട്രാര്‍ ഓഫീസിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരിയയ ശ്രീജയെയാണ് കൈക്കൂലിയായി നല്‍കിയ മൂവായിരം രൂപയുമായി വിജിലന്‍സ് സംഘം പിടികൂടിയത്.കല്ലിയൂര്‍ പാലപ്പൂര് തേരിവിളവീട്ടില്‍ സുരേഷിന്റെ പരാതിയെത്തുടര്‍ന്നാണ് വിജിലന്‍സ് നടപടി. കഴിഞ്ഞ ശനിയാഴ്ചയാണ് അച്ഛന്റെ പേരിലുള്ള വസ്തു ഇഷ്ടദാനമായി സുരേഷിന്റെ പേരില്‍ എഴുതാന്‍ ഓഫീസിലെത്തിയത്. അസല്‍ പ്രമാണം ഇല്ലാത്തതിനാല്‍ അടയാളസഹിതം പകര്‍പ്പെടുക്കാനാണ് സുരേഷ് ഓഫീസിലെത്തിയത്. പെട്ടെന്ന് കാര്യങ്ങള്‍ നടക്കാന്‍ മൂവായിരം രൂപ ശ്രീജയ്ക്ക് നല്‍കാന്‍ സബ് രജിസ്ട്രാര്‍ ആവശ്യപ്പെട്ടതായി സുരേഷ് വിജിലന്‍സിനെ അറിയിച്ചു.

വിജിലന്‍സ് നല്‍കിയ നോട്ടുമായി ചൊവ്വാഴ്ച രാവിലെ സുരേഷ് സബ് രജിസ്ട്രാര്‍ ഓഫീസിലെത്തി. പണം ശ്രീജയ്ക്കു കൈമാറുകയും ചെയ്തു. ഇതിനിടെ വിജിലന്‍സ് സംഘം ശ്രീജയെ കൈയോടെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് വിജിലന്‍സ് സംഘം നേമം സബ് രജിസ്ട്രാര്‍ സന്തോഷിന്റെ കുടപ്പനക്കുന്നിലെ വീട്ടില്‍ പരിശോധന നടത്തി. വിജിലന്‍സ് സതേണ്‍ റെയ്ഞ്ച് ഡിവൈ.എസ്.പി. സി.എസ്.വിനോദ്, ജയകുമാര്‍ ടി., ഇന്‍സ്‌പെക്ടര്‍മാരായ അശ്വിനി, നിസാം, ദിനേഷകുമാര്‍, എസ്.ഐ.മാരായ സുനില്‍, ഖാദര്‍,വിജയകുമാര്‍, ശശികുമാര്‍, സജികുമാര്‍, എ.എസ്.ഐ.മാരായ രാജേഷ്, ഉണ്ണി, എസ്.സി.പി.ഒ. കണ്ണന്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധനയ്ക്ക് അറസ്റ്റിനും നേതൃത്വം നല്‍കി.അഴിമതി സംബന്ധിച്ച വിവരങ്ങള്‍ 8592900900 എന്ന നമ്പറില്‍ പൊതുജനങ്ങള്‍ക്ക് അറിയിക്കാമെന്ന് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം അറിയിച്ചു.