സുധാകർ മംഗളോദയം

വാസന്തനായകർ

മലയാളത്തിൻ്റെ മൺമറഞ്ഞ ജനപ്രിയ കഥയെഴുത്തുകാരെ അവതരിപ്പിക്കുന്ന പംക്തി. പുതുമുഖ എഴുത്തുകാരുടെ അവതരണം ഈ പംക്തിയെ വ്യത്യസ്തമാക്കുന്നു.

കോട്ടയം ജില്ലയിലെ വൈക്കത്തിനു സമീപമുള്ള വെള്ളൂരിൽ ജനിച്ച, സുധാകർ പി. നായർ എന്ന സുധാകർ മംഗളോദയം, വാരികകളിൽ പ്രസിദ്ധീകരിച്ച നോവലുകളിലൂടെയാണ് ജനഹൃദയങ്ങളിലേക്ക്  കടന്നുചെന്നത്. തൃശ്ശൂരിലെ ബിരുദവിദ്യാഭ്യാസത്തിനു ശേഷം ഇദ്ദേഹം നാടകരംഗത്തേക്കെത്തി. നാടകരചനയിലൂടെയാണ് സഹിത്യരംഗത്തേക്ക് ചുവടുവെക്കുന്നത്.

1980 കളിലും 90 കളിലും കോട്ടയം കേന്ദ്രീകരിച്ച്

വിയാനി
(ലേഖിക)

പ്രസിദ്ധീകരിച്ചിരുന്ന ആഴ്ച്ചപ്പതിപ്പുകളിൽ അദ്ദേഹത്തിന്റെ നോവലുകൾ ഖണ്ഡശ്ശയായി അച്ചടിച്ചുവന്നിരുന്നു. സാധാരണക്കാരുടെ ജനപ്രിയ എഴുത്തുകാരനായ  അദ്ദേഹത്തിന്റെ നോവലുകൾ ജനങ്ങളുടെ ഇടയിൽ വളരെയധികം സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഒരു സ്ത്രീയുടെ രൂപത്തേക്കാൾ ഉപരി, അവളുടെ മനസ്സിൻ്റെ ആഴങ്ങളിലേക്കെത്തി കൃത്യമായി വർണിക്കാൻ മംഗളോദയം കഴിഞ്ഞേ വേറൊരാൾ ഉള്ളൂ എന്നാണ് പ്രശസ്ത നോവലിസ്റ്റ് മെഴുവേലി ബാബുജി അദ്ദേഹത്തെക്കുറിച്ച് പരമാർശിച്ചിട്ടുള്ളത്.

അദ്ദേഹത്തിന്റെ നോവലുകൾക്കു വേണ്ടിയുള്ള സ്‌ത്രീജനങ്ങളുടെ കാത്തിരിപ്പാണ് മംഗളം വാരികയെ ഇന്നത്തെ നിലയിലേക്ക് ഉയർത്തിയത് എന്നു നിസ്സംശയം പറയാൻ സാധിക്കും. വായനക്കാരെ മനസ്സിലാക്കികൊണ്ട് അവരുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന് എഴുതുന്ന മനോഭാവമാണ് അദ്ദേഹം സ്വീകരിച്ചിട്ടുള്ളത്. ലക്ഷകണക്കിന് വായനക്കാരുടെ മനസ്സിൽ നിന്ന് ഒരിക്കലും ഇറങ്ങി പോകാൻ സാധിക്കാത്ത കൃതികൾ തന്നെയാണ് അദ്ദേഹത്തെ ഇന്നും അവിസ്മരണീയനാക്കുന്നത്.

സാധാരണക്കാരന്റെ ഇടയിലേക്ക് അവർപോലും അറിയാതെ വായനാശീലം കടന്നുചെന്നത് അദ്ദേഹത്തിന്റെ കൃതികളിലൂടെയാണ്. സാഹിത്യത്തിലെ വരേണ്യ വിഭാഗത്തിനു മാത്രമാണ് സാഹിത്യത്തിൻ്റെ കുത്തക എന്ന സങ്കൽപത്തെ തകർത്തുടച്ച നോവൽ സാഹിത്യകാരനാണ് അദ്ദേഹം.

സാഹിത്യരംഗത്തും മലയാള സിനിമയിലും ഒഴിച്ചു നിർത്താൻ സാധിക്കാത്ത ഒരാൾ ആയിരുന്നു. സാഹിത്യത്തിന്റെ മുകൾ തട്ടിൽ ഉള്ളവർ അദ്ദേഹത്തിന്റെ കൃതികൾ അംഗീകരിച്ചിരുന്നില്ല. മംഗളോദയത്തിന്റെ നോവലുകൾ മാത്രം വായിക്കാനായി ഓരോ ആഴ്ചയും തള്ളി നീക്കുന്ന ഒരു പറ്റം വായനക്കാർ ഉണ്ടായിരുന്നു. സാധാരണ മനുഷ്യരുടെ വിഹ്വലതകളെയും സ്വപ്നങ്ങളെയും കടുംവർണങ്ങളിൽ പരത്തി പറഞ്ഞ് ഹൃദയസ്പർശിയായി അവതരിപ്പിക്കുന്ന, മുട്ടത്തുവർക്കിയുടെ രചനാരീതി പിന്തുടർന്നു.

ഏതാനും റേഡിയോ നാടകങ്ങളും രചിച്ചിട്ടുള്ള അദേഹത്തിന്റെ ആദ്യകാല രചനകൾ ടെലിവിഷൻ പരമ്പരകളുടെ പ്രേക്ഷകരെയും ആകർഷിച്ചിരുന്നു. പൈങ്കിളി സാഹിത്യമെന്ന് അധിക്ഷേപിച്ചുപോന്നിരുന്നുവെങ്കിൽ കൂടി മലയാളത്തിൽ ലിംഗവ്യത്യാസമില്ലാതെ പരക്കെ വായനക്കാരുണ്ടായിരുന്ന ജനപ്രിയ നോവലിസ്റ്റ് കൂടിയായിരുന്നു അദ്ദേഹം. മനോരമ, മംഗളം തുടങ്ങിയ  ആഴ്ചപതിപ്പുകളിലൂടെയാണ് അദ്ദേഹത്തിന്റെ കൂടുതൽ നോവലുകളും പ്രസിദ്ധീകരിച്ചത്‌.

ചിറ്റ, കുടുംബം, ചുറ്റുവിളക്ക്, താലി, നീലക്കടമ്പ്, സമയം, വെള്ളിത്തിര, ഒരു പൂവിന്റെ മോഹം, ശ്രീരാമ ചക്രം,ഗൃഹപ്രവേശനം, പാദസ്വരം, നന്ദിനിഓപ്പോൾ, വാസ്തുബലി, ഓട്ടുവള, നിറമാല, ചാരുലത, ഒറ്റക്കൊലുസ്സ്, എന്നിവയാണ് പ്രധാന കൃതികൾ. 2020-ൽ പ്രസിദ്ധീകരിച്ച ‘ഒറ്റക്കൊലുസ്സ്’ ആണ് അവസാനം പുസ്തകരൂപത്തിൽ വന്ന നോവൽ. പിറവം റെയിൽവേ സ്റ്റേഷനും വെള്ളൂരിലെ ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് ഫാക്ടറിയ്ക്കും ഇടയിൽ ഉള്ള പ്രദേശങ്ങളായിരുന്നു അദ്ദേഹത്തിന്റെ നോവലുകളുടെ പശ്ചാത്തലം. വളരെ സ്ഫുടമായ ഭാഷയിൽ രചന നടത്തി അതിൽ ജീവിത മൂല്യങ്ങൾ ചാലിച്ചെഴുതി വായനക്കാരെ ആകർഷിക്കുന്ന രീതിയാണ് കൈക്കൊണ്ടുപോന്നത്. ആസ്വദനത്തിന്റെ തലത്തിലേക്ക് വലിയൊരു വിഭാഗം ആളുകളെ ഉയർത്തിയെടുക്കുന്നതിന് അദ്ദേഹത്തിന്റെ നോവൽ സഹായകമായിട്ടുണ്ട്.

പിൽക്കാലത്ത് എഴുത്തിലൂടെയും അഭിനയത്തിലൂടെയും സിനിമയിലേക്ക് രംഗപ്രവേശനം നടത്തി. ജീവിതത്തിൽ ഒരു നല്ല മനുഷ്യനാകാൻ പ്രചോദനം നൽകുന്ന സിനിമയാണ് നന്ദിനി ഓപ്പോൾ. പി. പദ്മരാജന്റെ സംവിധാനത്തിൽ മമ്മൂട്ടി, മോഹൻലാൽ, റഹ്മാൻ, എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘കരിയിലക്കാറ്റുപോലെ’ എന്ന സിനിയമയുടെ കഥ എഴുതിയ സുധാകർ മംഗളോദയം നന്ദിനി,ഓപ്പോൾ, എന്ന സിനിമക്കു സംഭാഷണവും, മധു സംവിധാനം ചെയ്ത ‘ഞാൻ ഏകനാണ്’ എന്ന സിനിമയുടെ തിരക്കഥയും എഴുതി. അങ്ങനെ മലയാള സിനിമയുടെ മുഖ്യധാരയിലേക്ക് കടന്നുചെന്നു.

2020 ജൂലൈ 17 ന് 72-മത്തെ വയസ്സിൽ പ്രായാധിക്യത്തെതുടർന്നുള്ള അസുഖത്തിനു കീഴടങ്ങിക്കൊണ്ട്‌ അന്തരിച്ചു. മലയാള സാഹിത്യത്തിനും  സിനിമയ്ക്കും വലിയ സംഭാവനകൾ നൽകിക്കൊണ്ടാണ് അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞത്.