സുലേഖ യെനെപോയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി ഉദ്ഘാടനം ചെയ്തു.

മംഗലാപുരം : ടാറ്റ ട്രസ്റ്റിന്റെ സാമ്പത്തിക സഹായത്തോടെ പൂര്‍ത്തീകരിച്ച സുലേഖ യെനെപോയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി ഡറലിക്കട്ടെയില്‍ ദക്ഷിണ കന്നഡ ജില്ലയുടെ ചുമതല കൂടിയുള്ള കര്‍ണ്ണാടക ഊര്‍ജ്ജ വകുപ്പ് മന്ത്രി വി.സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. കര്‍ണ്ണാടക സര്‍ക്കാര്‍ സ്വകാര്യ മേഖലയുടെയും കൂടി  പങ്കാളിത്തത്തോടെ
ആരോഗ്യമേഖലയെ നവീകരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും അതുവഴി കൂടുതല്‍ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് നല്‍കുന്നതിനും പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി പറഞ്ഞു.ക്യാന്‍സര്‍ ഒരു ഭയാനകമായ രോഗമാണ്, അത് നേരത്തെ കണ്ടെത്തി ചികിത്സിക്കേണ്ടതും ആവശ്യമാണ്. സമൂഹത്തിലെ ഏറ്റവും പാവപ്പെട്ടവര്‍ക്കും കാന്‍സര്‍ ചികിത്സ ലഭ്യമാക്കിക്കൊണ്ടും സംസ്ഥാനത്തിന് തന്നെ അഭിമാനകരമായ വിധവും അതിവിപുലമായ സൗകര്യങ്ങളോടെ കാന്‍സര്‍ ചികിത്സാ കേന്ദ്രം ആരംഭിക്കാന്‍ മുന്‍കൈയ്യെടുത്ത യെനെപോയ യൂണിവേഴ്‌സിറ്റിയെയും അതിന് സാമ്പത്തിക പിന്തുണ നല്‍കിയ ടാറ്റ ട്രസ്റ്റിനെയും മന്ത്രി മുക്തകണ്ഠം അഭിനന്ദിച്ചു.
ടാറ്റ ട്രസ്റ്റുകള്‍ കാന്‍സര്‍ കെയര്‍ പ്രോഗ്രാമില്‍ വന്‍തോതില്‍ പങ്കാളികളാണെന്ന്  ടാറ്റ ട്രസ്റ്റ്‌സ് സി.ഇ.ഒ. എന്‍. ശ്രീനാഥ് പറഞ്ഞു.അര്‍ബുദവുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ പലവിധ മിഥ്യാധാരണകളുണ്ട്. സമൂഹത്തിലെ വലിയ വിഭാഗത്തിനു അര്‍ബുദത്തെ നേരത്തേ കണ്ടെത്തുന്നതിനോ, ചികിത്സിക്കുന്നതിനോ സൗകര്യങ്ങള്‍ ലഭിക്കാറില്ല.
ഈ മേഖലയില്‍ ടാറ്റ ട്രസ്റ്റ്‌സ് നടത്തിക്കൊണ്ടിരിക്കുന്ന ഇടപെടലുകളെക്കുറിച്ചും, പ്രത്യേകിച്ച് രോഗനിര്‍ണ്ണയം, ചികിത്സ, വിദ്യാഭ്യാസം, ക്യാന്‍സര്‍ ആദ്യഘട്ടത്തില്‍ തന്നെ കണ്ടെത്താനും കൃത്യസമയത്ത് ചികിത്സ നല്‍കാനും ഔട്ട്‌റീച്ച് പ്രോഗ്രാമുകളിലൂടെ നടത്തിയ ശ്രമങ്ങള്‍ എന്നിവയെക്കുറിച്ചും അദ്ദേഹം പ്രതിപാദിച്ചു. യുപി, ഒറീസ്സ, അസം, ഗുജറാത്ത് എന്നിവിടങ്ങളില്‍ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒപ്പം ആശാ വര്‍ക്കര്‍മാര്‍, അങ്കണവാടി പ്രവര്‍ത്തകര്‍ തുടങ്ങിയ താഴെത്തട്ടിലുള്ള സന്നദ്ധ പ്രവർത്തകരെയും ഏകോപിപ്പിക്കാനും സഹകരിപ്പിക്കാനും കഴിയണമെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.
യെനെപോയ സര്‍വ്വകലാശാലയുടെ പരിശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. അവശരായ രോഗികള്‍ക്ക് ഫലപ്രദമായ പരിചരണം നല്‍കുന്നതില്‍ കാന്‍സര്‍ ആശുപത്രി ടീമിന്റെ പങ്കിനെക്കുറിച്ചും ഉത്തരവാദിത്വങ്ങളെക്കുറിച്ചും അദ്ദേഹം ഊന്നിപ്പറഞ്ഞു.
ജനങ്ങളുടെ ഭക്ഷണരീതിയും ജീവിതശൈലികളും ബന്ധപ്പെട്ട പ്രതിരോധ നടപടികളുടെ പ്രാധാന്യത്തെക്കുറിച്ച് യു.ടി ഖാദര്‍ എം.എല്‍.എ സംസാരിച്ചു.
യെനെപോയ (ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി)  വൈസ് ചാന്‍സലര്‍ ഡോ. എം വിജയ കുമാര്‍ സുലേഖ യെനെപോയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജിയുടെ ഒരു അവലോകനവും ടാറ്റ
ട്രസ്റ്റ്‌സുമായുള്ള പങ്കാളിത്തത്തെക്കുറിച്ചും കൂടാതെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ലഭ്യമാക്കിയിട്ടുള്ള നൂതന സൗകര്യങ്ങളെക്കുറിച്ചും വിശദീകരിച്ചു. ചാന്‍സലര്‍ ഡോ.ബി. രമാനാഥ റായ്, യെനെപോയ ഗ്രൂപ്പ് ചെയര്‍മാന്‍ യെനെപോയ മുഹമ്മദ് കുഞ്ഞി, പ്രതാപ് സിന്‍ഹ നായിക് എം.എല്‍.സി, കര്‍ണാടകയിലെയും, കേരളത്തിലെയും മന്ത്രിമാര്‍, എം.എല്‍.എമാര്‍, എം.എല്‍.സിമാര്‍, മറ്റ് പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ആശുപത്രികളിലെയും പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.യെനെപോയ (ഡീംഡ് ടു യൂണിവേഴ്‌സിറ്റി) രജിസ്ട്രാര്‍ ഡോ.ഗംഗാധര സോമയാജി സ്വാഗതവും,ഓങ്കോളജി വിഭാഗം മേധാവി ഡോ ജലാലുദ്ദീന്‍ അക്ബര്‍ നന്ദി പറഞ്ഞു.