സുരേഷ് ഗോപിയില്ല, സുരേന്ദ്രന് അനുകൂലം: അടിമുടി അഴിച്ച് പണിക്ക് ബിജെപി, പലരുടേയും സ്ഥാനം തെറിക്കും

കൊല്ലം: ലോക്സഭ തിരഞ്ഞെടുപ്പ് മുന്‍നിർത്തി സംസ്ഥാന ഘടകത്തില്‍ അടുമുടി അഴിച്ചുപണിക്കൊരുങ്ങി ബി ജെ പി ദേശീയ നേതൃത്വം. നിലവിലുള്ള കമ്മിറ്റികളുടെ കാലാവധി കഴിയുന്നത് കൂടി കണക്കിലെടുത്താണ് അഴിച്ചുപണി. സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്നും കെ സുരേന്ദ്രനെ മാറ്റി സുരേഷ് ഗോപിയെ കൊണ്ടു വന്നേക്കുമെന്ന അഭ്യൂഹം നേരത്തെയുണ്ടായിരുന്നെങ്കിലും അത്തരം നീക്കങ്ങള്‍ ഇത്തവണയുണ്ടായേക്കില്ല.

അധ്യക്ഷ സ്ഥാനത്ത് കെ സുരേന്ദ്രനെ നിലനിർത്തി കൊണ്ട് മറ്റ് എല്ലാ ഘടകങ്ങളിലുമുള്ള അഴിച്ചു പണിയാണ് ബി ജെ പി ലക്ഷ്യമിടുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.ഭൂരിപക്ഷം നേതാക്കള്‍ക്കും സ്വന്തമായി തീരുമാനം എടുക്കാനോ അണികളെ കൂടെ നിർത്താനോ സാധിക്കുന്നില്ല. പറയുന്നത് മാത്രം ചെയ്യുന്ന ജനറല്‍ മാനേജർ മാരെപ്പോലെയാണ് പലരും പ്രവർത്തിക്കുന്നതെന്നാണ് കേന്ദ്രമന്ത്രിമാർ നല്‍കിയ റിപ്പോർട്ടില്‍ പറയുന്നത്. ജനറല്‍ സെക്രട്ടറിമാരില്‍ എംടി രമേശ് മാത്രമാണ് മെച്ചപ്പെട്ട പ്രവർത്തനം കാഴ്ചവെക്കുന്നത്. അതിനാല്‍ ഇദ്ദേഹം ഒഴികെ സമാന പദവിയിലുള്ള മുഴുവന്‍ പേരേയും മാറ്റിയേക്കും.

പാർട്ടി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി വി രാജേഷ്, മുൻ ജില്ലാ പ്രസിഡന്റ് എസ്.സുരേഷ് എന്നിവരിൽ ഒരാൾ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എത്തിയേക്കും. വിവി രാജേഷിനേക്കാള്‍ സാധ്യത എസ് സുരേഷിനാണ്. ബി ജെ പി ക്ക് പുറത്തുനിന്നുള്ള ചില സംഘപരിവാർ നേതാക്കളുടെ ഭാരവാഹിത്വത്തിലേക്ക് എത്തിയേക്കും. ഇത് സംബന്ധിച്ച് ചില നിർദേശങ്ങള്‍ ആർ എസ് എസ് മുന്നോട്ട് വെച്ചിട്ടുണ്ടെന്നാണ് സൂചന.

ജില്ലാ പ്രസിഡന്റുമാരുടെ കാര്യത്തിലും സമൂലമായ മാറ്റം ഉണ്ടാവും. രണ്ട് ടേം പൂർത്തിയാക്കിയവരില്‍ ആർക്കും അവസരം നല്‍കില്ല. മികവ് പ്രകടിപ്പിക്കാത്തവരാണെങ്കില്‍ ആദ്യം ടേമില്‍ തന്നെ സ്ഥാനം ഒഴിയേണ്ടി വരും. രിപക്ഷം ജില്ലകളിലെയും 60 ശതമാനം ഭാരവാഹികളും നിഷ്ക്രിയമാണ്. ഇവരൊയൊക്കെ ഭാരവാഹി സ്ഥാനങ്ങളില്‍ നിന്ന് മാറ്റി പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കണമെന്നാണ് നിർദേശം.

കഴിഞ്ഞ സംഘടനാ തിരഞ്ഞെടുപ്പിൽ സ്ഥാനം നഷ്ടമായ ജില്ലാ പ്രസിഡന്റുമാരെ ഉള്‍പ്പെടുത്തി പുനഃസംഘടിപ്പിച്ച മേഖലാ ഭാരവാഹികളിലും നേതൃത്വം തൃപ്തരല്ല. താഴേക്കിടയില്‍ നിയമസഭാമണ്ഡലങ്ങൾ രണ്ടാക്കി പുതിയ ഭാരവാഹികളെ കൊണ്ടുവന്നെങ്കിലും പലരും വേണ്ടത്ര മികവില്‍ പ്രവർത്തിക്കാന്‍ തയ്യാറായില്ല, ചിലരാവട്ടെ രാജിവെച്ച് പോവുകയും ചെയ്തു.സുരേന്ദ്രനെ മാറ്റേണ്ടതില്ലെന്നാണ് നിലവിലെ നിർദേശമെങ്കിലും സുരേന്ദ്ര വിരുദ്ധ പക്ഷം ഇത് അംഗീകരിക്കാന്‍ തയ്യാറായേക്കില്ല. സംസ്ഥാനത്ത് ബി ജെ പി പൂർണമായും നിശ്ചലാവസ്ഥയിലാണെന്നും അതിനാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനുമുമ്പ് സുരേന്ദ്രനെ മാറ്റണമെന്നുമാണ് ഇവരുടെ ആവശ്യം. എന്നാല്‍ ഇതിന് നേതൃത്വം തയ്യാറായേക്കില്ലെന്നാണ് ഭൂരിപക്ഷം നേതാക്കളും നല്‍കുന്ന സൂചന.