ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്ക് തിരിച്ചടി, കേസ് റദ്ദാക്കില്ലെന്ന് സുപ്രീം കോടതി

കൊച്ചി: സീറോ മലബാര്‍ സഭയുടെ ഭൂമി വില്‍പ്പനയില്‍ ക്രമക്കേടുകള്‍ ആരോപിച്ചുള്ള കേസുകള്‍ റദ്ദാക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്.കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയിലുള്ള കേസുകളിലെ നടപടികള്‍ റദ്ദാക്കണമെന്നാണ് മാര്‍ ആലഞ്ചേരി സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്. ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ബേല എം ത്രിവേദി എന്നിവര്‍ അടങ്ങിയ ബെഞ്ച് കര്‍ദിനാളിന്റെ ഹര്‍ജി തള്ളുകയായിരുന്നു.

സിറോ മലബാര്‍ സഭയുടെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസില്‍ പരാതിക്കാരന്‍ കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിക്കാന്‍ ശ്രമിച്ചെന്നും, ആലഞ്ചേരി സുപ്രീം കോടതിയില്‍ ആരോപിച്ചിരുന്നു.അതേസമയം കര്‍ദിനാളിന് അനുകൂലമായ നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സ്വീകരിച്ചത്. നേരത്തെ ആലഞ്ചേരിക്കെതിരായ ഒരു പരാതിയില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയിരുന്ന അന്വേഷണം അവസാനിപ്പിച്ചിരുന്നു. സര്‍ക്കാര്‍ ഭൂമിയാണ് വിറ്റത് എന്ന പരാതിയിലെ ആരോപണമാണ് തെറ്റാണെന്ന് കണ്ടെത്തിയത്.

വിചാരണയടക്കം നേരിടണമെന്ന ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്താണ് കര്‍ദിനാല്‍ ഹര്‍ജി നല്‍കിയത്. ഹൈക്കോടതി ഇതുസംബന്ധിച്ച് ഇറക്കിയ ഉത്തരവിന്റെ പ്രധാനഭാഗം സുപ്രീം കോടതി ശരിവെച്ചു. ഹൈക്കോടതി വിധിയില്‍ രൂപത സ്വത്തുക്കളുടെ അവകാശത്തെ കുറിച്ചും പരാമര്‍ശമുണ്ടായിരുന്നു. പള്ളിയുടെ സ്വത്ത് പൊതു ട്രസ്റ്റിന്റെ ഭാഗമായി വരുമെന്നും, ഇവ കൈമാറ്റം ചെയ്യാന്‍ ബിഷപ്പുമാര്‍ക്ക് പൂര്‍ണ അ ധികാരമില്ലെന്നും നേരത്തെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. കര്‍ദിനാളിനെതിരായ കേസ് മാത്രം മുന്നിലുള്ളപ്പോള്‍ ഹൈക്കോടതി മറ്റ് നടപടികളിലേക്ക് കടന്നതില്‍ സുപ്രീം കോടതി അതൃപ്തി രേഖപ്പെടുത്തി.

നേരത്തെ നികുതി വെട്ടിപ്പിന് ആദായ നികുതി വകുപ്പ് സഭയ്ക്ക് 6.5 കോടി പിഴ ചുമത്തിയിരുന്നു. അതേസമയം കേസില്‍ ഹൈക്കോടതി പുറപ്പെടുവിച്ച തുടര്‍ ഉത്തരവുകള്‍ സുപ്രീം കോടതി റദ്ദാക്കി. ഈ നടപടിയിലാണ് സുപ്രീം കോടതി അതൃപ്തി രേഖപ്പെടുത്തിയത്.