ചങ്ങനാശേരി: ചങ്ങനാശേരിക്കടുത്ത് പായിപ്പാട്ട് ഇന്ന് അതിഥിത്തൊഴിലാളികൾ സംഘടിച്ച് സ്വദേശത്തേക്കു പോകണം, വാഹനം സംഘടിപ്പിച്ചു നൽകണം എന്നീ ആവശ്യങ്ങളുന്നയിച്ചു പ്രക്ഷുബ്ധരംഗം തീർത്തു.
നിലവിലുള്ള ഇന്ത്യൻ സാഹചര്യം അറിയാത്തതാർക്കാണ്. നമ്മുടെ സംസ്ഥാന സർക്കാർ വിചാരിച്ചാലും നിരവധി സംസ്ഥാനങ്ങൾ താണ്ടി ഇവർക്ക് സ്വദേശത്തെത്താനാവില്ലെന്ന് എല്ലാവർക്കുമറിയാം.
അതിഥിത്തൊഴിലാളികളെയും ഈ അരക്ഷിതാവസ്ഥയിൽ സംരക്ഷിച്ചു നിർത്തുന്നതിനു വേണ്ട നിലപാടുകൾ സംസ്ഥാനസർക്കാർ എടുത്തിട്ടുമുണ്ട്. ഈയവസരത്തിൽ ഇത്തരമൊരു സംഘർഷം ഉണ്ടായതെങ്ങനെയെന്നാണ് ചിന്തിക്കേണ്ടത്.
ഏതാനും മണിക്കൂറുകൾ കൊണ്ട് മൂവായിരത്തോളം വരുന്നൊരു ജനക്കൂട്ടം എങ്ങനെ രൂപപ്പെട്ടു ? ഇവരുടെ ആവശ്യം ഇവരെ ഇങ്ങോട്ടു കൊണ്ടുവന്ന കോൺട്രാക്ടർമാരോടോ ഏജൻ്റുമാരോടോ ഇവർ ആദ്യം ഉന്നയിച്ചിരുന്നോ? അങ്ങനെയെങ്കില്‍ അവരെന്തുകൊണ്ട് ആ വിഷയം അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തിയില്ല?
ഈ വിഷയങ്ങള്‍ വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്. അത്രമേൽ ഗുരുതരമായൊരു സാഹചര്യത്തിലൂടെ രാജ്യം കടന്നുപോകുമ്പോൾ ദേശവിരുദ്ധപ്രവൃത്തികൾ ആരുടെ ഭാഗത്തുനിന്നുണ്ടായാലും കർക്കശനടപടി വേണം.
ഇതിൻ്റെ എത്രയോ ഇരട്ടി അതിഥിത്തൊഴിലാളികൾ വസിക്കുന്ന പെരുമ്പാവൂർ പോലെയുള്ള സ്ഥലങ്ങളിലേക്ക് ഇത്തരം സംഘർഷങ്ങൾ പടരാനിടവരരുത്. അത് സാഹചര്യങ്ങളെ നിയന്ത്രണാതീതമാക്കും.
