EDITORIAL

അദ്ധ്യാപകർ ധാർമ്മികത കൈവിടരുത്

ലോകം വല്ലാത്ത നിസ്സഹായതയിലൂടെ കടന്നുപോവുകയാണ്. ലോകമുന്നോക്കരാജ്യങ്ങളൊക്കെത്തന്നെ ഇപ്പൊഴും പതറി, ഭയന്നു നിൽക്കുമ്പോൾ നമ്മുടെ കൊച്ചു കേരളം ആത്മവിശ്വാസത്തോടെ മഹാവ്യാധിയെ നേരിട്ടു നിയന്ത്രണത്തിൽ കൊണ്ടുവന്നു.

ഇച്ഛാശക്തിയോടെ നമ്മുടെ സർക്കാർ മുന്നില്‍ നിൽക്കുകയും കക്ഷിരാഷ്ട്രീയഭേദമെന്യേ എല്ലാവരും ഒപ്പം ചേരുകയും ചെയ്തതിൻ്റെ പരിണതഫലമാണ് ഈ നിയന്ത്രണം.

ഗുരുതരാവസ്ഥ മനസ്സിലാക്കാതെ നിരത്തിലിറങ്ങിയ വ്യക്തികളെയൊക്കെ നിർബന്ധിതമായി വീട്ടിനുള്ളിലെ സുരക്ഷത്തണലിൽ തന്നെ ഇരുത്താൻ, അൽപ്പം ബലം പിടിച്ചും സ്വയം അൽപ്പം ചീത്തപ്പേരു കേട്ടുമൊക്കെ നമ്മുടെ പൊലീസും ആരോഗ്യപ്രവർത്തകരും ശ്രമിച്ചു വിജയം കണ്ടു. അക്കാര്യത്തിൽ പൊലീസിനേയും ആരോഗ്യപ്രവർത്തകരേയും എത്ര അഭിനന്ദിച്ചാലും മതിയാവില്ല.

ഈ നിയന്ത്രണത്തിന്‍റെ കാലം തൊഴിലിടങ്ങളെല്ലാം സ്തംഭിച്ചതിനാൽ ദാരിദ്ര്യത്തിൻ്റെ കാലവുമാകേണ്ടതാണ്. നമ്മുടെ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ജനങ്ങളുടെ ദാരിദ്ര്യത്തെ മറി കടക്കാൻ കിണഞ്ഞു ശ്രമിക്കുന്നു. ഭക്ഷ്യധാന്യങ്ങളും ഉൽപ്പന്നങ്ങളും പല പ്രകാരത്തിലും ജനങ്ങൾക്കെത്തിക്കാൻ ശ്രമിക്കുന്ന സർക്കാരുകളെ നിരവധി വ്യക്തികളും സംഘടനകളും സഹായിക്കുന്നുമുണ്ട്.

ഈ സാഹചര്യത്തിലാണ്, ഒരു നിവൃത്തിയുമില്ലാത്ത സാധാരണക്കാരെ സഹായിക്കുന്നതിന് മാസം ഇരുപതിനായിരം രൂപയ്ക്കു മേൽ വരുമാനമുള്ള സർക്കാർ ജീവനക്കാർ 6 മാസങ്ങൾ കൊണ്ട് ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകാൻ ആവശ്യപ്പെട്ടത്.

പ്രളയകാലത്ത് നമ്മുടെ ജീവൻ തിരിച്ചുപിടിക്കാൻ സഹായിച്ചവരിലേറെയും സ്വന്തമായി ഒന്നുമില്ലാത്ത സാധാരണക്കാരായിരുന്നു എന്നത് മറന്നുകൂടാ.

ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ഒരു മാസത്തിലേറെയായി ഒന്നും ചെയ്യാതെ വീട്ടിലിരുന്നു ശമ്പളം വാങ്ങിയ അദ്ധ്യാപകർ പാവപ്പെട്ടവരെ സഹായിക്കാന്‍ സർക്കാർ ഇറക്കിയ ഉത്തരവ് കത്തിച്ചുകളഞ്ഞത്.

രാഷ്ട്രീയമെന്തുമാകട്ടെ, സമൂഹത്തോടുള്ള ബാദ്ധ്യത കുഞ്ഞുങ്ങൾക്കു പഠിപ്പിച്ചു കൊടുക്കേണ്ട അദ്ധ്യാപകർ ഈ ചെയ്തത് ധാർമ്മികമായി, തികച്ചും തെറ്റു തന്നെയാണ്. മാപ്പർഹിക്കാത്ത കുറ്റം.

കുറത്തിയാടന്‍

(9496149637)

ചീഫ് എഡിറ്റര്‍

%d bloggers like this: