കീഴടങ്ങാനില്ലെന്ന്‌ തരൂർ ; കടിഞ്ഞാണിടാനറിയാതെ കോൺഗ്രസ്‌

തിരുവനന്തപുരം : നേതൃത്വത്തിന്‌ കീഴടങ്ങാത്ത ശശി തരൂരിന്‌ എങ്ങനെ കടിഞ്ഞാണിടും എന്നറിയാതെ കെപിസിസി. മുഖ്യമന്ത്രിക്കോട്ട്‌ തുന്നൽ പരാമർശത്തിന്‌ ചെന്നിത്തലയ്‌ക്ക്‌ ഉരുളയ്‌ക്ക്‌ ഉപ്പേരിപോലെയാണ്‌ തരൂർ മറുപടി കൊടുത്തത്‌. മുഖ്യമന്ത്രിക്കോട്ട്‌ ആര്‌ തുന്നിയാലും ഊരിവയ്‌ക്കണമെന്നായിരുന്നു തരൂരിനെ ചൂണ്ടി ചെന്നിത്തലയുടെ പരാമർശം. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ തനിക്ക്‌ പ്രശ്‌നമില്ലെന്നാണ്‌ തരൂർ ഇതിന്‌ നൽകിയ മറുപടി.

മുഖ്യമന്ത്രിക്കസേര സ്വപ്‌നം കാണുന്ന കെ സി വേണുഗോപാൽ, രമേശ്‌ ചെന്നിത്തല, വി ഡി സതീശൻ ഉൾപ്പെടെയുള്ളവർ ഇക്കാര്യത്തിൽ വല്ലാതെ ക്ഷുഭിതരാണ്‌. തരൂരിനെതിരായ പ്രചാരണത്തിന്‌ നേതൃത്വം നൽകാൻ ഇവരിറങ്ങുന്നത്‌ ഈ ഭയംകൊണ്ടാണ്‌. മുഖ്യമന്ത്രിക്കസേര ചർച്ചയാക്കി, ഡൽഹിയിൽ സ്ഥാനം ഉറപ്പിക്കാനാണ്‌ തരൂർ ശ്രമിക്കുന്നതെന്ന പ്രചാരണവും ഇവർ നടത്തുന്നുണ്ട്‌. സംസ്ഥാനത്തെ ശല്യമൊഴിവാക്കാൻ പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്തിയേക്കുമെന്നാണ്‌ അവകാശവാദം. തരൂരിന്റെ ആവശ്യവും അതത്രേ. എന്നാൽ, പ്രാദേശിക കക്ഷി രൂപീകരണം തരൂരിന്റെ അജൻഡയിലുണ്ടോയെന്ന്‌ ചിലർ സംശയിക്കുന്നു. കെപിസിസി നേതൃത്വത്തിന്റെ പിടിപ്പുകേടാണ്‌ ഈ അവസ്ഥയ്‌ക്ക്‌ കാരണമെന്നാണ്‌ പ്രധാന പരാതി. കെ സുധാകരൻ കെപിസിസിയുടെയും വി ഡി സതീശൻ പ്രതിപക്ഷ നേതാവിന്റെയും സ്ഥാനത്തെത്തിയപ്പോൾ വലിയ മാറ്റത്തിന്റെ പ്രഖ്യാപനമൊക്കെ നടന്നു. ഫലത്തിൽ ഒന്നുമുണ്ടായില്ല. ഈ വിടവിലാണ്‌ തരൂർ കടന്നുകയറിയെന്നതാണ്‌ ആക്ഷേപം. സുധാകരനും സതീശനുമിടയിലെ അനൈക്യവും ഇവർ ചൂണ്ടിക്കാട്ടുന്നു. എം എം ഹസനും തരൂരിനെതിരെ രംഗത്തെത്തിയതോടെ എ ഗ്രൂപ്പിലും വിഷയത്തിൽ ഭിന്നാഭിപ്രായമാണെന്ന്‌ തെളിഞ്ഞു.

പറയാനുള്ളത്‌ പാർടിയിൽ
പറയണം: ചെന്നിത്തല
പറയാനുള്ളത്‌ പാർടിയിൽ  പറയുകയാണ് വേണ്ടതെന്ന്‌ കോൺഗ്രസ്‌ നേതാവ്‌ രമേശ്‌ ചെന്നിത്തല എംഎൽഎ. എംപിമാർ നിയമസഭയിലേക്ക് മൽസരിക്കുമെന്ന സ്വയം  പ്രഖ്യാപനങ്ങൾ കെപിസിസി  വിലക്കിയിട്ടുണ്ട്. ആര് എവിടെ മൽസരിക്കണമെന്ന് പാർടിയാണ് തീരുമാനിക്കുകയെന്നും അദ്ദേഹം തൃശൂരിൽ മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു.

ശശി തരൂരുമായി ബന്ധപ്പെട്ട് കെ മുരളീധരൻ പരിഹസിച്ചുവെന്നത് മാധ്യമങ്ങളുണ്ടാക്കിയതാണ്. വിവാദങ്ങൾക്ക് പുറകെ പോകാനില്ല.  അഭിപ്രായ വ്യത്യാസം മാറ്റിവെച്ച് എല്ലാവരും ഒരുമിച്ച് പോകേണ്ട സമയമാണ്‌.  പാർലമെന്റ്‌ തെരഞ്ഞെടുപ്പിന്‌ 365 ദിവസം മാത്രമാണുള്ളത്. എൻഎസ്എസ് പ്രതികരണത്തിൽ എല്ലാ ദിവസവും മറുപടി പറയേണ്ടതില്ലല്ലോയെന്നും  ചെന്നിത്തല പറഞ്ഞു.