ആരോഗ്യപ്രവർത്തകരുടെ ആശ്രിതർക്ക് ഇൻഷ്വറൻസ് തുക ലഭിച്ചു

തൃശ്ശൂർ: കോവിഡിനെതിരായ പോരാട്ടത്തിനിടെ അപകടത്തിൽ മരണമടഞ്ഞ രണ്ട് ആരോഗ്യ പ്രവർത്തകരുടെ ആശ്രിതർക്ക് 50 ലക്ഷം രൂപ വീതം ഇൻഷ്വറൻസ് ക്ലെയിം നൽകി. പി.എം.ജി.കെ പാക്കേജ് പ്രകാരമുള്ള നഷ്ടപരിഹാരത്തുകയാണ് അക്കൗണ്ടുകളിലേക്ക് കൈമാറിയത്. രാജ്യത്തുതന്നെ ആദ്യമായാണിത്.

കോവിഡ് പ്രതിരോധത്തിനിടെ ആത്മസമർപ്പണത്തോടെ ജോലി ചെയ്ത രണ്ട് ആരോഗ്യ പ്രവർത്തകരാണ് അപകടത്തിൽ മരണപ്പെട്ടത്.

കുന്നംകുളം താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് എം എ ആഷിഫ് ഏപ്രിൽ 10 നാണ് മരിച്ചത്. ആശുപത്രിയിൽ നിന്ന് ജോലി കഴിഞ്ഞു മടങ്ങുമ്പോഴാണ് ബൈക്കപകടത്തിൽ കൊല്ലപ്പെട്ടത്. കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത സമയത്ത് ഐസൊലേഷൻ വാർഡിലും രോഗികളെ മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നതിലും ആത്മധൈര്യത്തോടെ മുൻനിരയിൽ നിന്ന് പ്രവർത്തിച്ച നഴ്‌സായിരുന്നു ആഷിഫ്. നൈറ്റ് ഡ്യൂട്ടിക്കു ശേഷം ആദ്യ ശമ്പളത്തിന്റെ ചെക്ക് വാങ്ങി അമ്മയ്ക്ക് നൽകി തിരിച്ചുവരാമെന്ന് സഹപ്രവർത്തകരോട് പറഞ്ഞ് മടങ്ങിയതായിരുന്നു ആഷിഫ്. ആഷിഫിന്റെ പിതാവ് എ എസ് അബ്ദു ചുമട്ടുതൊഴിലാളിയാണ്.

അന്തിക്കാട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ഡോണ ടി വർഗീസ് മെയ് 4 ന് അന്തിക്കാട് ആൽ സെന്ററിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ചു. കോവിഡ് രോഗിയെ വീട്ടിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റാനായി ആംബുലൻസിൽ യാത്ര ചെയ്യുമ്പോൾ വാഹനം കാറുമായി കൂട്ടിയിടിച്ച് മറിയുകയായിരുന്നു.

ഇരുവരുടെയും ബന്ധുക്കൾക്ക് തുക കൈമാറി.