ചികിത്സാ പിഴവ്: പ്ലസ് വൺ വിദ്യാര്‍ത്ഥിക്ക് കൈനഷ്ടപ്പെട്ട സംഭവം: ആശുപത്രി അധികൃതരെ ഉപരോധിച്ചു

തലശേരി ജനറല്‍ ആശുപത്രി അധികൃതരെ യുവജന സംഘടനാ പ്രവര്‍ത്തകര്‍ ഇന്ന് ഉപരോധിച്ചു. ചികിത്സപിഴവിനെ തുടര്‍ന്ന് പ്‌ളസ് വണ്‍ വിദ്യാര്‍ത്ഥിയുടെ കൈ മുറിച്ച് മാറ്റേണ്ടി വന്നതില്‍ പ്രതിഷേധിച്ചാണ് തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ യൂത്ത് കോണ്‍ഗ്രസ് യൂത്ത് ലീഗ് ഉപരോധം നടത്തിയത്.

സൂപ്രണ്ട് ചാര്‍ജുള്ള ജനറല്‍ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോക്ടര്‍ കെ. സന്തോഷിനെയാണ് ഇവര്‍ മണിക്കൂറുകളോളം ഉപരോധിച്ചത്. സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാജോര്‍ജ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. എ.ആര്‍ ചിന്മയ്,പി ഇമ്രാന്‍, നിമിഷ രഘുനാഥ്, റഷീദ് തലായി,ഷഹബാസ് കയ്യാത്ത്, തസ്ലീം ചേറ്റംകുന്ന് എന്നിവര്‍ നേതൃത്വം നല്‍കി.

ഇതിനിടെ തലശ്ശേരിയില്‍ പതിനേഴുകാരന്റെ കൈ മുറിച്ച് മാറ്റിയത് ചികില്‍സ പിഴവ് മൂലമെന്ന് കുട്ടിയുടെ കുടുംബം ആരോഗ്യമന്ത്രിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അന്വേഷണമാരംഭിച്ചു. തലശ്ശേരി ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെയും ജീവനക്കാര്‍ക്കുമെതിരെയുമാണ് ആരോപണമുയര്‍ന്നത്. ഫുട്‌ബോള്‍ കളിക്കിടെ വീണ് പരിക്കേറ്റ കുട്ടിയുടെ ഇടതു കൈയ്യാണ് മുറിച്ചു മാറ്റിയത്. അതേസമയം സംഭവത്തില്‍ ആരോഗ്യ സെക്രട്ടറിയോട് രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശിച്ചിട്ടുണ്ട്.

ലോകം മുഴുവന്‍ ഖത്തറില്‍ ഒരു പന്തിനു ചുറ്റും കണ്ണുംനട്ടിരിക്കുമ്പോള്‍ ഇങ്ങ് തലശേരിയില്‍ സോക്കറിനെ ജീവനു തുല്യം സ്‌നേഹിച്ച സുല്‍ത്താനെന്ന വിദ്യാര്‍ത്ഥി ഒരു കൈനഷ്ടപ്പെട്ടു കണ്ണീരും കൈയ്യുമായിവീട്ടിലെ മുറിയില്‍ ഒതുങ്ങി കൂടി ഇരിക്കുന്നു. ഫുട്ബാള്‍ കളിക്കുന്നതിനിടെ വീണുപരുക്കേറ്റ തലശ്ശേരി ചേറ്റുകുന്ന് സ്വദേശി സുല്‍ത്താന്‍ സിദ്ദിഖിനാണ് ഇടതു കൈ നഷ്ടമായത്. ഫുട്ബോള്‍ കളിക്കിടെ വീണ് കൈയൊടിഞ്ഞ വിദ്യാര്‍ഥിക്ക് തലശേരി ജനറല്‍ ആശുപത്രിയില്‍ നിന്ന് ചികിത്സ വൈകിയതെ നടപടി ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും പരാതി നല്‍കിയിരുന്നു.

കഴിഞ്ഞമാസം മുപ്പതിനാണ് കൂട്ടുകാര്‍ക്കൊപ്പം ചേറ്റം കുന്നിലെ വീടിനടുത്തെ മൈതാനത്തില്‍ കളിക്കുന്നതിനിടെയുണ്ടായ വീഴ്ചയില്‍ സുല്‍ത്താന്‍ സിദ്ദിഖിന്റെ കൈയിലെ എല്ലുകള്‍ പൊട്ടിയത്. പിന്നാലെ കുട്ടിയെ വീട്ടുകാര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. എക്സ്-റേ മെഷീന്‍ പ്രവര്‍ത്തിക്കുന്നില്ലന്നും സമീപത്തെ സഹകരണ ആശുപത്രിയില്‍ നിന്ന് എക്സ്-റേ എടുത്ത് വരാനും ഡ്യൂട്ടി ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. എക്സ് റേ യില്‍ കൈത്തണ്ടയിലെ രണ്ട് എല്ലുകളില്‍ പൊട്ടല്‍ കണ്ടെത്തി. അസ്ഥി രോഗ വിദഗ്ദന്‍ സ്ഥലത്തില്ലാത്തതിനാല്‍ ഡ്യൂട്ടി ഡോക്ടര്‍ കുട്ടിയുടെ കൈ സ്ലിന്റ് ഇട്ട ശേഷം അഡ്മിറ്റ് ചെയ്തു. പിറ്റേന്ന് അസ്ഥിരോഗ വിദഗ്ധന്‍ ഡോക്ടര്‍ വിജുമോന്‍ പരിശോധിച്ച് സര്‍ജറി നിര്‍ദ്ദേശിച്ചു. പക്ഷേ 30 ന് അഡ്മിറ്റ് ചെയ്ത വിദ്യാര്‍ഥിയുടെ സര്‍ജറി നടന്നത് ഒന്നാം തീയതിയാണ്.

14 ദിവസത്തെ ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു. അപ്പോഴേക്കും സ്ഥിതി അതീവ ഗുരുതരമായി. പിന്നാലെ വിദ്യാര്‍ഥിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഈ മാസം 14 ന് അണുബാധയെ തുടര്‍ന്ന് ഒരു കൈ മുട്ടിനു താഴെ നിന്നായി മുറിച്ച് മാറ്റുകയായിരുന്നു. ഈ സംഭവം വിവാദമായതിനെ തുടര്‍ന്നാണ് ആരോഗ്യമന്ത്രി വീണാജോര്‍ജ് സംഭവത്തെ കുറിച്ചു അന്വേഷിക്കാന്‍ ഉത്തരവിട്ടത്.