CRIME KERALA SOCIAL MEDIA STATE GOVERNMENT

സൈബർ കുറ്റകൃത്യങ്ങൾ തടയാൻ പൊലീസ് ആക്ടിൽ ഭേദഗതിക്കു തീരുമാനം

img

സമൂഹമാധ്യമങ്ങൾ‍ വഴിയുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിന് നിലവിലുള്ള നിയമ വ്യവസ്ഥകൾ അപര്യാപ്തമാണെന്ന് കണ്ടതിനാൽ പോലീസ് ആക്ടിൽ ഭേദഗതി വരുത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഈ ഭേദഗതി, ഓർഡിനൻസായി പുറപ്പെടുവിക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാനും യോഗത്തിൽ തീരുമാനമായി.

നിലവിലുള്ള പോലീസ് ആക്ടിൽ 118-എ എന്ന വകുപ്പ് കൂട്ടിച്ചേർക്കാനാണ് മന്ത്രിസഭ ശുപാർശ ചെയ്യുന്നത്. ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്തുന്നതിനോ അപമാനിക്കുന്നതിനോ അപകീർത്തിപ്പെടുത്തുന്നതിനോ ഉദ്ദേശിച്ച് ഏതെങ്കിലും തരത്തിലുള്ള വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിർമ്മിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവർക്ക് അഞ്ചുവർഷം വരെ തടവോ 10,000 രൂപ വരെ പിഴയോ, അല്ലെങ്കിൽ രണ്ടും കൂടിയോ വിധിക്കുന്നതിനുള്ള വ്യവസ്ഥയാണ് കൂട്ടിച്ചേർക്കുന്ന വകുപ്പിലുള്ളത്.

സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന വിദ്വേഷ, അപവാദ പ്രചരണങ്ങളെ കുറിച്ച് കേരള ഹൈക്കോടതി കഴിഞ്ഞ മെയ് മാസം ഒരു കേസിൽ പരാമർശിച്ചിരുന്നു. വർധിച്ചുവരുന്ന ഈ പ്രവണത അവസാനിപ്പിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കാൻ ചീഫ് സെക്രട്ടറിക്കും പോലീസ് മേധാവിക്കും ഹൈക്കോടതി നിര്‍ദേശം നൽകുകയും ചെയ്തിരുന്നു. എന്നാൽ കോവിഡ് വ്യാപനത്തിനു ശേഷം സമൂഹമാധ്യമങ്ങളിലൂടെയുള്ള വ്യാജ പ്രചരണങ്ങളും വിദ്വേഷ പ്രസ്താവനകളും ഏറെ വർധിച്ചതായിട്ടാണ് കാണുന്നത്. ഇതെല്ലാം നിയമഭേദഗതിയുടെ ആവശ്യകതയിലേക്ക് വിരൽ ചൂണ്ടുകയായിരുന്നു.

2000-ലെ ഐടി ആക്ടിലെ 66-എ വകുപ്പും 2011-ലെ കേരള പൊലീസ് ആക്ടിലെ 118 (ഡി) വകുപ്പും അഭിപ്രായസ്വാതന്ത്ര്യത്തിന് എതിരാണെന്നു കണ്ട് സുപ്രീം കോടതി അവ റദ്ദാക്കിയിരുന്നു. ഇതിനു പകരം മറ്റു നിയമവ്യവസ്ഥകളൊന്നും തന്നെ കേന്ദ്ര സർക്കാർ കൊണ്ടുവന്നിട്ടുമില്ല. ഈ സാഹചര്യത്തിൽ‍ സമൂഹമാധ്യമങ്ങൾ വഴി നടക്കുന്ന കുറ്റകൃത്യങ്ങൾ ഫലപ്രദമായി നേരിടാൻ പോലീസിന് കഴിയാത്ത സാഹചര്യമുണ്ട്. തൻമൂലമാണ് പൊലീസ് അക്ടിൽ ഭേദഗതി വരുത്താൻ മന്ത്രിസഭ തീരുമാനിച്ചത്.

%d bloggers like this: