മുംബൈ, ദില്ലി ഓഫീസുകള്‍ ട്വിറ്റര്‍ പൂട്ടി, ജീവനക്കാരോട് വര്‍ക്ക് ഫ്രം ഹോമിലേക്ക് മാറാന്‍ നിര്‍ദേശം

ദില്ലി: ഇന്ത്യയിലെ മൂന്ന് ഓഫീസുകള്‍ രണ്ടെണ്ണവും പൂട്ടി ട്വിറ്റര്‍. സ്റ്റാഫുകളോട് വര്‍ക്ക് ഫ്രം ഹോമിലേക്ക് മാറാന്‍ നിര്‍ദേശിച്ചിരിക്കുകയാണ് ട്വിറ്റര്‍. ചെലവ് ചുരുക്കലിന്റെ ഭാഗമായിട്ടാണ് ഓഫീസുകളെല്ലാം അടച്ചുപൂട്ടിയിരിക്കുന്നത്.

ടെക് മേഖലയിലെ പ്രതിസന്ധി അടക്കം മറികടക്കുക ഈ രീതിയില്‍ മാത്രമാണ് സാധ്യമാവുകയെന്നാണ് ഇലോണ്‍ മസ്‌ക് വിലയിരുത്തുന്നത്. ഇന്ത്യയിലെ 90 ശതമാനം സ്റ്റാഫുകളെയും ഇലോണ്‍ മസ്‌ക് പുറത്താക്കി കഴിഞ്ഞു.ഇരുന്നൂറിനടുത്ത് ജീവനക്കാരായിരുന്നു ട്വിറ്ററില്‍ ഉണ്ടായിരുന്നത്. രാഷ്ട്രീയ കേന്ദ്രമായ ദില്ലിയിലെയും ഫിനാന്‍ഷ്യല്‍ ഹബ്ബായ മുംബൈയിലെയും ഓഫീസുകളാണ് ട്വിറ്റര്‍ പൂട്ടിയത്.

2023 അവസാനത്തോടെ ട്വിറ്ററിനെ സാമ്പത്തികമായി ശക്തമാക്കാനാണ് മസ്‌ക് പ്ലാന്‍ ചെയ്യുന്നത്. എന്നാല്‍ ട്വിറ്ററിന്റെ പ്രവര്‍ത്തനം അനുദിനം മോശമായി വരികയാണ്. നിലവില്‍ എല്ലാ ടെക് കമ്പനികളും ഇന്ത്യയെ വലിയ മാര്‍ക്കറ്റായിട്ടാണ് കാണുന്നത്. ഫേസ്ബുക്ക് അടക്കമുളള്ള കമ്പനികള്‍ ഇന്ത്യയെ ലക്ഷ്യമിട്ട് നിരവധി ഫീച്ചറുകളും അവതരിപ്പിച്ചിരുന്നു. ഇന്റര്‍നെറ്റ് മേഖലയിലെ ഇന്ത്യയുടെ വളര്‍ച്ചയും വളരെ വേഗത്തിലുള്ളതാണ്. എന്നാല്‍ മസ്‌ക് ഈ മാര്‍ക്കറ്റിന് ഇപ്പോള്‍ വലിയ പ്രാധാന്യം നല്‍കുന്നില്ലെന്ന് വ്യക്തമാണ്. നിലവില്‍ ഇന്ത്യയിലെ പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമാണ് ട്വിറ്റര്‍.