Announcements BREAKING NEWS CRIME Exclusive KERALA SPECIAL REPORTER

കോവിഡിന്റെ മറവിൽ സിസ്റ്റർ സെഫിക്കും പരോൾ.

img

ജോമോൻ പുത്തൻ പുരയ്ക്കൽ

സിസ്റ്റർ അഭയ കൊലക്കേസിലെ മൂന്നാം പ്രതി സിസ്റ്റർ സെഫിക്കും 90 ദിവസം പരോൾ നൽകി പുറത്തിറക്കി. തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിൽ നിന്നും മെയ്‌ 12 ബുധനാഴ്ച സിസ്റ്റർ സെഫി പുറത്തിറങ്ങി. ഒന്നാം പ്രതി ഫാ.തോമസ് കോട്ടൂർ മെയ്‌ 11 ചൊവ്വാഴ്ച പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നും പുറത്തിറങ്ങിയതിന്റെ പിറ്റേന്നാണ്‌ സെഫിയും പുറത്തിറങ്ങിയിരിക്കുന്നത്.

 

ഹൈക്കോടതി ജഡ്ജി സി.റ്റി. രവികുമാർ, ആഭ്യന്തര സെക്രട്ടറി റ്റി.കെ. ജോസ്, ജയിൽ ഡി.ജി.പി. ഋഷിരാജ് സിങ് എന്നിവരടങ്ങിയ ജയിൽ ഹൈപവർ കമ്മിറ്റി, 50 വയസ്സു കഴിഞ്ഞ വനിതാ പ്രതികൾക്ക് പരോൾ അനുവദിച്ചതിനൊപ്പമാണ് അഭയ കേസിലെ പ്രതിയ്ക്കും പരോൾ ലഭിച്ചത്. സിസ്റ്റർ സെഫിയ്ക്ക് 58 വയസ്സാണുള്ളത്.

അതേസമയം,
ഫാ. തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും നൽകിയ
ജാമ്യ ഹർജിയിൽ ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ അധ്യക്ഷനായ ഹൈക്കോടതി ഡിവിഷൻ ബെഞ്ച്, കഴിഞ്ഞ നാല് മാസത്തിനുള്ളിൽ അഞ്ചു പ്രാവശ്യവും ജാമ്യം നിഷേധിച്ചിരുന്നു.

അഭയ കേസിലെ പ്രതികളായ ഫാ. തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നീ രണ്ട് പ്രതികൾക്ക് 2020 ഡിസംബർ 23 ന്, കോട്ടൂരിന് ഇരട്ട ജീവപര്യന്തവും കഠിനതടവും, സെഫിയ്ക്ക് ജീവപര്യന്തവും കഠിനതടവും സി.ബി.ഐ. കോടതി ശിക്ഷ വിധിച്ച്, അഞ്ചു മാസം പോലും തികയുന്നതിനു മുൻപാണ് പ്രതി തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും പരോൾ അനുവദിച്ച് പുറത്തു വന്നിരിക്കുന്നത്

1992 മാർച്ച്‌ 27ന് നടന്ന കൊലപാതകം, പ്രതികൾ അന്വേഷണ ഏജൻസികളെയെല്ലാം സ്വാധീനിച്ച് കേസ് അട്ടിമറിച്ചും, വിചാരണ നീട്ടി കൊണ്ട് പോയും ഇരുപത്തിയെട്ട് വർഷം കഴിഞ്ഞാണ് പ്രതികളെ കോടതി ശിക്ഷിച്ചത്. എന്നിട്ട്, പുരുഷ തടവുകാർക്ക് അറുപത് വയസ്സു കഴിഞ്ഞുവെന്നും, സ്ത്രീ തടവുകാർക്ക് അൻപത് വയസ്സു കഴിഞ്ഞുവെന്നും കോവിഡ് തരംഗമായതിനാൽ പരോൾ അനുവദിക്കുന്നുവെന്നും പറയുന്ന നിലപാട്, ഒരു കുറ്റവും ചെയ്യാത്ത ഇന്ത്യയിലെ ജനങ്ങളെ കോവിഡ് രണ്ടാം തരംഗത്തിൽ നിന്ന് രക്ഷപെടുത്താൻ കഴിയാതെ പകച്ചു നിൽക്കുന്നതിനിടയിലാണ് കൊലക്കേസിലെ പ്രതികളെ കൊറോണയുടെ പേരിൽ പരോൾ അനുവദിച്ചു രക്ഷിക്കാൻ ശ്രമിക്കുന്നത്.

പ്രതികൾക്ക് കോടതിയിൽ നിന്ന് ശിക്ഷ കിട്ടിയാലും ജയിലിൽ കിടത്താതെ, ഇതുപോലുള്ള പരോളുകൾ അനുവദിച്ച് സ്വൈര്യജീവിതം നയിക്കാൻ അനുവദിച്ചു കൊടുക്കുന്നത്, നിയമവ്യവസ്ഥയോടും ജനങ്ങളോടുമുള്ള വെല്ലുവിളിയുമാണ്.