മിഴിയുണ്ടായിട്ടും 
കാണാത്തവർ – മധു നീലകണ്ഠൻ എഴുതുന്നു

ഷേക്സ്പിയറുടെ “കിങ്‌ ലിയർ’ നാടകത്തിൽ ലിയർ അന്ധനായ ഗ്ലൗസെസ്റ്ററിനോട് ഇങ്ങനെ പറയുന്നുണ്ട്.”കാഴ്ചയില്ലെങ്കിലും ഒരാൾക്ക് ഈ ലോകം എങ്ങനെ പോകുന്നുവെന്ന് അറിയാൻ കഴിയും’.  2000 വർഷത്തിനപ്പുറം യേശു പറഞ്ഞതും ഇതോട് ചേർത്തു വായിക്കാം.”കണ്ണുണ്ടായാൽ പോരാ, കാണണം’. കണ്ണു തുറന്നു പിടിച്ച് കാണണം. പക്ഷേ, നമ്മുടെ കേന്ദ്ര ഭരണാധികാരികൾ കണ്ണുണ്ടായിട്ടും ഒന്നും കാണുന്നില്ല.  രാജ്യത്തെ ജനങ്ങൾ, സാധാരണക്കാർ എങ്ങനെ ജീവിക്കുന്നുവെന്ന് അവർ അറിയുന്നില്ല. ധനമന്ത്രി നിർമല സീതാരാമൻ ബുധനാഴ്ച അവരുടെ തുടർച്ചയായ അഞ്ചാമത്തെ ബജറ്റ് അവതരിപ്പിക്കുമ്പോഴെങ്കിലും കണ്ണൊന്ന് തുറന്ന് രാജ്യത്തെ യാഥാർഥ്യങ്ങൾ കാണുമോ ? ദാരിദ്ര്യത്തിൽ നീറുന്ന ജീവിതങ്ങളെ, ജനകോടികളെ ഓർക്കുമോ? സമ്പദ്‌വ്യവസ്ഥ നേരിടുന്ന അടിസ്ഥാനപ്രശ്നങ്ങളെ അഭിമുഖീകരിക്കുമോ ?  നവലിബറൽ സാമ്പത്തിക നയത്തിന്റെ അന്ധത ബാധിച്ചവരാണ് തൊണ്ണൂറുകൾമുതൽ ഇന്ത്യയിൽ ബജറ്റ് അവതരിപ്പിക്കുന്നത്.  അതുകൊണ്ടുതന്നെ, ആ നയം ഉപേക്ഷിക്കാതെ ഇതൊന്നും അവർ കാണാനിടയില്ല.

മുതലാളിത്ത ലോകമാകെ ഒരു ദീർഘകാല സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിൽ അമരാൻ പോകുകയാണെന്ന് ഐഎംഎഫും ലോക ബാങ്കും വിവിധ ഏജൻസികളും പലവട്ടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ത്യയുടെ പ്രതീക്ഷിത വളർച്ചാ പ്രവചനങ്ങളും ഇതിനകം പലവട്ടം തിരുത്തി. റഷ്യ–- – ഉക്രയ്‌ൻ യുദ്ധവും റഷ്യക്കെതിരെ പാശ്ചാത്യ രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധവും എല്ലാ സമ്പദ്‌വ്യവസ്ഥകളിലും സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയിട്ടുണ്ട്. ഈ ആഗോള സാഹചര്യത്തിന്റെയും അതിന്റെ പ്രത്യാഘാതങ്ങളുടെയും നടുവിലാണ് സീതാരാമന്റെ 2023–-24ലെ ബജറ്റ്.  ലോകത്തിന്റെയും ഇന്ത്യയുടെയും സാമ്പത്തിക ചക്രവാളങ്ങളിൽ ഇരുൾ നിറയുന്നൊരു കാലം.

ഇത് സമ്പത്തിന്റെ കേന്ദ്രീകരണത്തിന്റെയും ദരിദ്രവൽക്കരണത്തിന്റെയും പ്രശ്നങ്ങൾമാത്രം. സമ്പദ്‌വ്യവസ്ഥ നേരിടുന്ന മറ്റ് പ്രതിസന്ധികൾ വേറെ. ജനങ്ങൾക്ക് തൊഴിലും വരുമാനവുമില്ലാതെ അവരുടെ ക്രയശേഷി കുറയുകയും അതുവഴി സാധനങ്ങൾക്ക് ചോദനമില്ലാതെ (ഡിമാൻഡ്) വരുന്നതുമാണ് സമ്പദ്‌വ്യവസ്ഥ നേരിടുന്ന അടിസ്ഥാനപ്രശ്നം. സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കണോമി ഏറ്റവും ഒടുവിൽ പുറത്തുവിട്ട കണക്കു പ്രകാരം തൊഴിലില്ലായ്മ നിരക്ക് 8.3 ശതമാനമാണ്. തൊഴിലില്ലായ്മയ്‌ക്ക് പുറമെ ഉൽപ്പാദന മാന്ദ്യം, വിലക്കയറ്റം, കയറ്റുമതിയിലെ തകർച്ച, വ്യാപാരകമ്മിയിലെ വർധന, ഡോളറുമായുള്ള വിനിമയത്തിൽ രൂപയ്‌ക്ക് അടിക്കടിയുണ്ടാകുന്ന തകർച്ച, പ്രതിശീർഷ വരുമാനത്തിലെ തകർച്ച, വിദേശനാണ്യ ശേഖരത്തിലെ ശോഷണം, കാർഷിക മേഖലയിലെ എണ്ണമറ്റ പ്രശ്നങ്ങൾ, കൂലിക്കുറവ് എന്നിവയാണ് മറ്റ് പ്രതിസന്ധികൾ. ഇതിന്റെയെല്ലാം ഫലമായി, പണിയെടുക്കുന്നവരും പണിയില്ലാത്തവരുമായ തൊഴിലാളിവർഗമാകെ കടുത്ത ചൂഷണത്തിന് വിധേയമാകുന്നതും രാജ്യത്തെ നിത്യാനുഭവം. തൊഴിലാളിക്ക് കൂലി കൊടുക്കാതിരിക്കാൻ ഭഗവദ്ഗീതയിലെ അനാസക്തി വാദം ഉന്നയിക്കുന്ന ഭരണാധികാരികളും മുതലാളിമാരും നാടുവാഴുന്ന കാലമാണിതെന്നും ഓർക്കുക. ഫലേച്ഛ കൂടാതെയാണ് (ശമ്പളമില്ലാതെ) കർമം ചെയ്യേണ്ടതെന്ന് തൊഴിലാളികളോട് പറയാൻ അവർക്ക് നല്ല സുഖം കാണും. ദളിതർ, ആദിവാസികൾ, കുട്ടികൾ, സ്ത്രീകൾ എന്നിവർ നേരിടുന്ന അനവധിയായ പ്രശ്നങ്ങൾ വേറെ. അതൊന്നും ഇവിടെ വിവരിക്കുന്നില്ല.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും നിർമല സീതാരാമനും സമ്പദ്‌വ്യവസ്ഥ വീണ്ടെടുപ്പിന്റെ പാതയിലാണെന്ന് പെരുമ്പറ കൊട്ടുന്നുണ്ടെങ്കിലും കോവിഡിന്റെയും നോട്ടുനിരോധനത്തിന്റെയും തിരക്കിട്ട് ചരക്ക് സേവന നികുതി നടപ്പാക്കിയതിന്റെയും പ്രത്യാഘാതങ്ങളിൽനിന്ന് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ഇനിയും കരകയറിയിട്ടില്ലെന്നതാണ് വാസ്തവം. മുൻകൂർ കണക്കുപ്രകാരം (അഡ്വാൻസ് എസ്റ്റിമേറ്റ്) 2022–-23ൽ ഇന്ത്യയുടെ യഥാർഥ പ്രതിശീർഷ വരുമാനത്തിലെ (ആളോഹരി വരുമാനം) വർധന 2.4 ശതമാനം മാത്രമായിരിക്കും. പ്രതിശീർഷ വരുമാനത്തിൽ 2019–-20നെ അപേക്ഷിച്ച് നേരിയ വർധനമാത്രം. ഇനി ഇത് വലിയ വിലക്കയറ്റത്തിന്റെ കാലമാണെന്നുകൂടി അറിയുക. അപ്പോൾ, നടപ്പു ധനവർഷത്തിലെ മൊത്തം ആഭ്യന്തരോൽപ്പാദനത്തിൽ (ജിഡിപി) വർധനയുണ്ടായതായി ഇടയ്ക്കിടെ പറയുന്നതിൽ വലിയ യാഥാർഥ്യമില്ലെന്ന് ചുരുക്കം.  കൂടിയ വിലയെ അടിസ്ഥാനമാക്കി ഉൽപ്പാദനത്തിന്റെ പണമൂല്യം കണക്കാക്കുമ്പോൾ സംഭവിക്കുന്ന വർധനയാണത്. യഥാർഥത്തിൽ ഉൽപ്പാദനം കാര്യമായി വർധിച്ചിട്ടില്ല. വ്യവസായരംഗത്തും മരവിപ്പ് തുടരുന്നു. ഉൽപ്പന്ന നിർമാണ മേഖലയിൽ (മാനുഫാക്ചറിങ്) മുൻ വർഷത്തെ അപേക്ഷിച്ച് 2022–-23ൽ 1.6 ശതമാനം മാത്രമാണ് വളർച്ച. ഈ സാഹചര്യത്തിലും കേന്ദ്ര സർക്കാരിന്റെ പൊതുചെലവ് കുറയുകയാണ്. ധനകമ്മിയെ പ്രേതബാധപോലെ ഭയക്കുന്നതുകൊണ്ടാണ് പൊതു ചെലവ് കുറയ്‌ക്കുന്നത്. സർക്കാർ വാരിക്കോരി ഇളവ് നൽകിയിട്ടും സ്വകാര്യമേഖലയിൽനിന്ന് കാര്യമായ മുതൽമുടക്ക് ഉണ്ടാകുന്നുമില്ല.