EDITORIAL

വാരിയൻകുന്നൻ എന്ന ദേശവികാരം

img

വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പേരിൽ ഒരു സിനിമ വരുന്നു എന്ന വാർത്തയെ തുടർന്ന് അതിരൂക്ഷമായ വിമർശനമാണ് ഒരു വിഭാഗത്തിൻ്റെ ഭാഗത്തുനിന്നുമുണ്ടായിക്കൊണ്ടിരിക്കുന്നത്. സഭ്യതയുടെ അതിരുകൾ ഭേദിക്കുന്ന വാക്ശരങ്ങളാണ് ഒരു കലാകാരൻ നേരിടുന്നത്.

ഇത്ര രൂക്ഷമായ പ്രതികരണങ്ങൾ എന്തിനു വേണ്ടിയാണ്? യഥാർത്ഥത്തിൽ ആരാണ് വാരിയംകുന്നത്ത‌് ഹാജി? അതറിയണമെങ്കിൽ അൽപം ചരിത്രം മനസ്സിലാക്കേണ്ടിവരും. അതിലേക്കൊന്നു കടന്നുചെല്ലാം.

ബ്രിട്ടീഷ് ഭരണത്തിൻകീഴിൽ അസ്വസ്ഥതകൾ പുകയുന്ന രാഷ്ട്രീയസാഹചര്യം ഇന്ത്യയിൽ നിലനിൽക്കുമ്പോഴാണ് 1919 മാർച്ച് 21 ന് റൗലത്ത് ആക്ട് നിലവിൽ വരുന്നത്. ഗാന്ധിജി ഇന്ത്യൻ രാഷ്ട്രീയത്തിൻ്റെ ശ്രദ്ധാകേന്ദ്രമായി ഉയർന്നുവരുന്നത് റൗലത്ത് നിയമത്തിനെതിരെ സത്യഗ്രഹപ്രസ്ഥാനം സംഘടിപ്പിച്ചുകൊണ്ടാണ്.

ഡോ. സത്പാൽ, ഡോ. കിച്ച്ലു എന്നിവരെ നാടു കടത്തിയതും ഗാന്ധിജിയെ അറസ്റ്റ് ചെയ്തതും തുടർന്ന് ഡയർ ജാലിയൻവാലാബാഗിൽ നടത്തിയ ക്രൂരമായ നരഹത്യയുമെല്ലാം നമുക്കറിയാം. തുടർന്ന് ബ്രിട്ടീഷുകാരോട് ഇന്ത്യൻ ജനതയ്ക്കുള്ള വിദ്വേഷം ഇരട്ടിച്ചു.

ഇതേ കാലയളവിൽ ലോകരാഷ്ടീയത്തിലുണ്ടായ രാഷ്ട്രീയപ്രശ്നമാണ് തുർക്കിയിലെ ഖലീഫയ്ക്ക് അധികാരവും രാജ്യവിസ്തൃതിയും പരിമിതപ്പെടുത്തിയത്. ലോകയുദ്ധം നടക്കുമ്പോൾ ഖലീഫ ജർമ്മനിയോടൊപ്പമായിരുന്നു. യുദ്ധത്തിൽ ജർമ്മനിയടക്കമുള്ള മുന്നണി പരാജയപ്പെട്ടതോടെയാണ് അദ്ദേഹത്തിൻ്റെ അധികാരാവകാശങ്ങൾ പരിമിതപ്പെടുത്തിയത്.

ഈ വിഷയത്തിൽ ഇന്ത്യൻ മുസ്ലീങ്ങൾക്കു കടുത്ത അതൃപ്തിയുണ്ടായി. അങ്ങനെ ഇന്ത്യൻ മുസ്ലീങ്ങളും അവരെ സ്നേഹിച്ചിരുന്ന അമുസ്ലീങ്ങളും ചേർന്നു ബ്രിട്ടീഷുകാർക്കെതിരെ രൂപപ്പെടുത്തിയ പ്രസ്ഥാനമാണ് ഖിലാഫത്ത്. സ്വാഭാവികമായും ബ്രിട്ടീഷുകാർക്കെതിരായ പൊതുവികാരമെന്ന നിലയിൽ ദേശീയപ്രസ്ഥാനത്തിൻ്റെ ഭാഗമായി ഖിലാഫത്ത് മാറി.

തലമുറകളായി ബ്രിട്ടീഷ് വിരോധം മനസ്സിൽ സൂക്ഷിക്കുന്നൊരു തറവാട്ടിലായിരുന്നു വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ജനിച്ചത്. മലബാർ ജില്ലയിലെ വള്ളുവങ്ങാട് താലൂക്കിലെ നെല്ലിക്കുത്തിലെ ചക്കിപ്പറമ്പൻ കുടുംബത്തിൽ. സാമൂതിരി രാജാവുമായി ഇവർ സൗഹൃദം പുലർത്തിയിരുന്നു.

ബാലകൃഷ്‌ണൻ എഴുത്തച്ഛൻ, വെള്ളുവങ്ങാട് മാപ്പിള പ്രൈമറി സ്കൂൾ എന്നിടങ്ങളിൽ നിന്ന് വിദ്യാഭ്യാവും പിന്നീട് മതവിദ്യാഭ്യാസവും നേടിയ ഹാജിയുടെ ബ്രിട്ടീഷ് വിരുദ്ധ നിലപാടു കാരണം അവർക്ക് അദ്ദേഹത്തോട് അടങ്ങാത്ത പകയായി. അത് നിരന്തരശല്യമായി മാറിയതോടെ അദ്ദേഹത്തിന് പല തവണ നാടു വിടേണ്ടി വന്നു. ഒടുവിൽ നാട്ടിൽ സ്ഥിരതാമസമാക്കി, കച്ചടത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച ഹാജി സാമൂഹ്യവിഷയങ്ങളിലും സജീവമായി.

1920 ജൂലായ് 18 ന് കോഴിക്കോട് ജൂബിലി ഹാളിൽ നടന്ന മുസ്ലീങ്ങളുടെ യോഗത്തിൽ മലബാർ ഖിലാഫത്ത് കമ്മറ്റി രൂപീകരിക്കപ്പെട്ടതോടെ ഹാജിയുടെ പ്രവർത്തന മേഖലയും അതായി മാറി. 1920 ആഗസ്റ്റ് മാസത്തിൽ ഗാന്ധിജയും, ഷൗക്കത്തലിയും സംബന്ധിച്ച അമ്പതിനായിരത്തോളം പേർ പങ്കെടുത്ത കോഴിക്കോട് കടപ്പുറത്തെ യോഗത്തിൽ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ലിയാർ, ചെമ്പ്രശ്ശേരി കുഞ്ഞിക്കോയ തങ്ങൾ തുടങ്ങിയവർ പ്രത്യേക ക്ഷണിതാക്കളായിരുന്നു.

സംഭവബഹുലമായ ഏതാനും മാസങ്ങൾക്കു ശേഷം ഏറനാട്, വള്ളുവനാട്, പൊന്നാനി, കോഴിക്കോട് താലൂക്കുകളിലെ 200 വില്ലേജുകൾ കേന്ദ്രീകരിച്ചു മലയാളരാജ്യം എന്ന സ്വതന്ത്ര രാജ്യ പ്രഖ്യാപനം നടന്നു. ആഗസ്റ്റ് 21 ന് തെക്കേക്കുളം യോഗം വിപ്ലവ സർക്കാരിൻറെ മാർഗ്ഗ നിർദ്ദേശങ്ങൾ പ്രസിദ്ധപ്പെടുത്തി. ആഗസ്റ്റ് 22 ന് പാണ്ടിക്കാട് നടന്ന വിപ്ലവ കൗൺസിൽ വിപ്ലവ പ്രദേശങ്ങളെ നാലു മേഖലകളായി തിരിച്ച് ഓരോന്നിൻ്റെയും ചുമതല ഓരോ നേതാവിന് നൽകി. നിലമ്പൂർ, പന്തല്ലൂർ, പാണ്ടിക്കാട്, തുവ്വൂർ എന്നീ പ്രദേശങ്ങൾ ഹാജി തൻ്റെ കീഴിലാക്കി. ചെമ്പ്രശ്ശേരി തങ്ങൾ മണ്ണാർക്കാടിൻ്റെ അധിപനായി. ആലി മുസ്ലിയാർ തിരൂരങ്ങാടിയിലെ ഖിലാഫത്ത് രാജാവായി. വള്ളുവനാടിൻ്റെ ബാക്കി പ്രദേശങ്ങൾ സീതിക്കോയ തങ്ങളുടെ കീഴിലാക്കി.

READ ALSO  ജനങ്ങളുടെ സുരക്ഷയാവണം അടിസ്ഥാനലക്ഷ്യം

വ്യവസ്ഥാപിതമായ രീതിയിൽ ഭരണം കെട്ടിപ്പടുക്കാൻ ഹാജിക്ക് കഴിഞ്ഞിരുന്നു. സമാന്തര സർക്കാർ, കോടതികൾ, നികുതി കേന്ദ്രങ്ങൾ, ഭക്ഷ്യ സൂക്ഷിപ്പ് കേന്ദ്രങ്ങൾ, സൈന്യം, നിയമ പോലീസ്, എന്നിവ സ്ഥാപിച്ചു. രാഷ്ട്രത്തിലുള്ളവർക്കു പാസ്പോർട്ട് സംവിധാനം ഏർപ്പെടുത്തി.

സമരത്തിൻ്റെ നേതൃത്വം കുഞ്ഞഹമ്മദ് ഹാജി ഏറ്റെടുത്തതോടെ കലാപത്തിൻ്റെ ഉദ്ദേശ്യം വിപുലമായി. അരാജകസ്ഥിതി വരാതെ എല്ലാം ക്രമമായും മുറകളനുസരിച്ചും പോകണമെന്ന് കുഞ്ഞഹമ്മദ് ഹാജിക്ക് നിർബന്ധമുണ്ടായിരുന്നു. മാപ്പിളമാരും, കീഴാളന്മാരും അടങ്ങുന്ന തൻ്റെ അനുയായികളെ അദ്ദേഹം അച്ചടക്കം ശീലിപ്പിച്ചു, അതു ലംഘിക്കുന്നവരെ കഠിനമായി ശിക്ഷിച്ചു. ഹിന്ദുക്കളെ ഉപദ്രവിച്ച് പോവരുതെന്നുള്ളതായിരുന്നു പ്രധാനമായും അദ്ദേഹം‍ ജനങ്ങളെ ഉപദേശിച്ചിരുന്നത്. സാമാന്യ ജനങ്ങളെ ശല്യപ്പെടുത്തുകയോ വീടുകളും കടകളും കൊള്ളനടത്തുകയൊ ചെയ്യുന്നവരെ കുഞ്ഞഹമ്മദ് ഹാജിയുടെ മുൻപാകെ വരുത്തി വിചാരണ ചെയ്ത് തക്കതായ ശിക്ഷ നൽകിയിരുന്നു.

1921 സെപ്തംബർ 16-ന് നിലമ്പൂർ ആസ്ഥാനമായി സമാന്തര രാഷ്ട്ര പ്രഖ്യാപനം നടന്നു. ഒറ്റുകാരായ തദ്ദേശവാസികളെയും ജന്മികളെയും സർക്കാർ അനുകൂലികളെയും ശിക്ഷിക്കാൻ വാരിയൻ കുന്നൻ ഒരാമന്തവും കാണിച്ചിരുന്നില്ല. സർക്കാർ അനുകൂല ജന്മികളായ തമ്പുരാക്കന്മാരുടെ പൂക്കോട്ടൂർ കോവിലകം ആക്രമിച്ച മാപ്പിള സൈന്യം സ്വത്തുക്കൾ കവർന്നെടുത്ത് കോവിലകം കുടിയാന്മാരായ കീഴാളന്മാർക്കു വീതിച്ചു നൽകി. ബ്രിട്ടീഷ് പക്ഷ പ്രമാണി മണ്ണാടൻ മൊയ്തീൻ കുട്ടിയുടെ ബംഗ്ളാവ് ഹാജിയുടെ സൈന്യം ആക്രമിച്ചു ഭക്ഷ്യ വിഭവങ്ങൾ കൊള്ളയടിച്ചു, ബ്രിട്ടീഷ് അനുകൂലികളായ കൊണ്ടോട്ടി തങ്ങന്മാരെ ആക്രമിച്ചു. ബ്രിട്ടീഷ് അനുകൂലിയായ ഖാൻ ബഹാദൂർ ചേക്കുട്ടിയെ കൊന്ന് തലയറുത്ത് പ്രദർശിപ്പിച്ചു കൊണ്ട് മഞ്ചേരിയിൽ കുഞ്ഞഹമ്മദ് ഹാജി നടത്തിയ പ്രഖ്യാപനം വിപ്ലവ സർക്കാറിൻ്റെ നയമായിരുന്നു.

അതിപ്രകാരമാണ്,

‘’ഏറനാട്ടുകാരെ, നമ്മൾ കഷ്ടപ്പെട്ടിരിക്കുന്നു. അന്യരുടെ ചൊൽപ്പടിക്ക് നിൽക്കുന്നവരായിത്തീർന്നിരിക്കുന്നു. ബ്രിട്ടീഷ് ഗവണ്മെൻ്റാണതിനു കാരണം. അതിനെ നമുക്ക് ഒടുക്കണം. എല്ലാ കഷ്ടപ്പാടുകളും നീക്കണം.ആയുധമെടുത്ത് പോരാടേണ്ട സ്ഥിതിയിലെത്തിയിരിക്കുന്നു.(വധശിക്ഷ നടപ്പിലാക്കപ്പെട്ട ചേക്കുട്ടി സാഹിബിൻ്റെ തല ചൂണ്ടിക്കൊണ്ട്) ആനക്കയത്തെ പോലീസ്, ബ്രിട്ടൻ്റെ ഏറനാട്ടിലെ പ്രതിനിധി ചേക്കുട്ടിയുടെ തലയാണിത്. ബ്രിട്ടീഷുകാരോട് കളിക്കണ്ട, ജന്മിമാരോട് കളിക്കണ്ട എന്നും മറ്റും പറഞ്ഞ് ഇവർ നമ്മളെ ഭീഷണിപ്പെടുത്തി. നമുക്കെതിരായി പ്രവർത്തിക്കുമെന്ന് ശപഥം ചെയ്തു. അതിനാണിത് അനുഭവിച്ചത്. നിങ്ങൾ എന്ത് പറയുന്നു എന്ന് എനിക്കറിയണം. ഞാൻ ചെയ്തത് തെറ്റാണെങ്കിൽ എന്നെ ഇവിടെയിട്ട് കൊല്ലണം. (ഇല്ല നിങ്ങൾ ചെയ്തത് ശരിയാണ് ജനക്കൂട്ടം ആർത്തു വിളിച്ചു)

READ ALSO  ജനങ്ങളുടെ സുരക്ഷയാവണം അടിസ്ഥാനലക്ഷ്യം

ഞാൻ ഇന്നലെ ഒരു വിവരമറിഞ്ഞു; ഇത് ഹിന്ദുക്കളും മുസൽമാന്മാരും തമ്മിലുള്ള യുദ്ധമാണെന്ന് പുറം രാജ്യങ്ങളിൽ പറഞ്ഞുപരത്തുന്നുണ്ടത്രേ. വെള്ളക്കാരും അവരുടെ സിൽബന്ദികളായ ആനക്കയം ചേക്കുട്ടിയെപ്പോലുള്ളവരും, പടച്ചവൻ്റെ സൃഷ്ടികളെ നാലു ജാതിയാക്കിത്തിരിച്ചത് ദൈവം ചെയ്തതാണെന്ന് കള്ളം പറഞ്ഞ് വിശ്വസിപ്പിച്ച് ഭൂരിപക്ഷം മനുഷ്യരേയും അടിമകളാക്കിയ ജന്മിമാരും ചേർന്നാണ് ഇങ്ങനെ പറഞ്ഞു പരത്തുന്നത്. നമുക്ക് ഹിന്ദുക്കളോട് പകയില്ല. എന്നാൽ ബ്രിട്ടീഷ് ഗവണ്മെൻ്റിനെ സഹായിക്കുകയോ, ദേശത്തെ ഒറ്റുകൊടുക്കുകയോ ചെയ്യുന്നവർ ആരായിരുന്നാലും നിർദ്ദയമായി അവരെ ശിക്ഷിക്കും. ഹിന്ദുക്കൾ നമ്മുടെ നാട്ടുകാരാണ്. അനാവശ്യമായി ഹിന്ദുക്കളെ ആരെങ്കിലും ദ്രോഹിക്കുകയോ സ്വത്ത് കവരുകയോ ചെയ്താൽ ഞാൻ അവരെ ശിക്ഷിക്കും.ഇത് മുസൽമാന്മാരുടെ രാജ്യമാക്കാൻ ഉദ്ദേശ്യമില്ല. എനിക്കു മറ്റൊന്നു പറയാനുണ്ട്. ഹിന്ദുക്കളെ ഭയപ്പെടുത്തരുത്. അവരുടെ അനുവാദമില്ലാതെ അവരെ ദീനിൽ ചേർക്കരുത്. അവരുടെ സ്വത്തുക്കൾ അന്യായമായി നശിപ്പിക്കരുത്. അവരും നമ്മേപ്പോലെ കഷ്ടപ്പെടുന്നവരാണ്. ഹിന്ദുക്കളെ നമ്മൾ ദ്രോഹിച്ചാൽ അവർ ഈ ഗവണ്മെൻറിൻ്റെ ഭാഗം ചേരും അതു നമ്മുടെ തോൽവിക്ക് കാരണമാവും. ആരും പട്ടിണി കിടക്കരുത്. പരസ്പരം സഹായിക്കുക. തൽക്കാലം കൈയിലില്ലാത്തവർ ചോദിച്ചാൽ, ഉള്ളവർ കൊടുക്കണം. കൊടുക്കാതിരുന്നാൽ ശിക്ഷിക്കപ്പെടും. കൃഷി നടത്തണം. അതുകൊണ്ട് കുടിയാന്മാരെ ദ്രോഹിക്കരുത്. പണിയെടുക്കുന്നവർക്ക് ആഹാരം നല്കണം. അവർ വിയർപ്പൊഴുക്കി അധ്വാനിക്കുന്നതിന്റെ ഫലം അവർക്കും അവരുടെ കുടുംബത്തിനും ലഭിക്കണം. വേണ്ടിവന്നാൽ നാടിനുവേണ്ടി യുദ്ധം ചെയ്ത് മരിക്കാൻ നാം തയ്യാറാണ്, ഇൻശാ അല്ലാഹ്.”

സ്വാഭാവികമായും ബ്രിട്ടീഷുകാർ അടങ്ങിയിരുന്നില്ല. അവർ ഹാജിയെ എങ്ങനെയും തളയ്ക്കാനുള്ള ശ്രമങ്ങൾ തുടർന്നുകൊണ്ടേയിരുന്നു. ഒടുവിൽ ഒരു ചതിവിലൂടെ പ്രത്യേക പരിശീലനം ലഭിച്ച സേനാംഗങ്ങൾ ഹാജിയെയും കൂട്ടരെയും കീഴ്പ്പെടുത്തി. 1922 ജനുവരി 5-ന് ചെണ്ടവാദ്യം മുഴക്കിയും, നൃത്തം ചെയ്തും ആരവങ്ങളോടെ ബ്രിട്ടീഷ് സൈന്യം ഹാജിയെ പൊതു പ്രദർശനം നടത്തി മഞ്ചേരിയിലേക്ക് കൊണ്ട് പോയി. 1922 ജനുവരി 13ന് മലപ്പുറം തൂക്കിടി കല്ലേരിയിൽ വച്ച് ഹാജിയേയും രണ്ട് പോരാളികളേയും മാർഷൽ കോടതി വിചാരണ ചെയ്ത് മൂന്നുപേരേയും വെടിവെച്ച് കൊല്ലാൻ വിധിച്ചു.

1922 ജനുവരി 20 ഉച്ചയ്ക്ക് മലപ്പുറം-മഞ്ചേരി റോഡിൻറെ ഒന്നാം മൈലിനടുത്ത വടക്കേ ചരിവിൽ (കോട്ടക്കുന്ന്) ഹാജിയുടെയും രണ്ട് സഹായികളുടെയും വധശിക്ഷ നടപ്പാക്കി. കോട്ടും തലപ്പാവും ധരിച്ച് കസേരയിൽ ഇരുന്ന ഹാജിയുടെ രണ്ടുകൈകളും പിന്നോട്ട് പിടിച്ചു കെട്ടിയ ശേഷം കസേരയടക്കം ദേഹവും വരിഞ്ഞുമുറുക്കി. ”നിങ്ങൾ കണ്ണ് കെട്ടി പിറകിൽ നിന്നും വെടി വച്ചാണല്ലോ കൊല്ലാറ്. എന്നാൽ എൻ്റെ കണ്ണുകൾ കെട്ടാതെ, ചങ്ങലകൾ ഒഴിവാക്കി മുന്നിൽ നിന്ന് വെടിവെക്കണം. എൻ്റെ ജീവിതം നശിപ്പിക്കുന്ന വെടിയുണ്ടകൾ വന്നു പതിക്കേണ്ടത് എൻ്റെ നെഞ്ചിലായിരിക്കണം. അതെനിക്ക് കാണണം, ഈ മണ്ണിൽ മുഖം ചേർത്ത് മരിക്കണം”, എന്ന് ഹാജി ആവശ്യപ്പെട്ടു. അങ്ങനെ കണ്ണ് കെട്ടാതെ നെഞ്ചിലേക്ക് വെടിയുതിർത്ത് ഹാജിയുടെ വധ ശിക്ഷ നടപ്പിൽ വരുത്തി.

READ ALSO  ജനങ്ങളുടെ സുരക്ഷയാവണം അടിസ്ഥാനലക്ഷ്യം

ഹാജിയുടേതടക്കം മുഴുവൻ പേരുടെയും മൃതദേഹങ്ങൾ വിറകും മണ്ണെണ്ണയും ഒഴിച്ച് കത്തിച്ചു കളഞ്ഞു. കൂട്ടത്തിൽ വിപ്ലവ സർക്കാരിൻ്റെ മുഴുവൻ രേഖകളും അഗ്നിക്കിരയാക്കി.

ഇന്ത്യക്കാരുടെ ദേശീയവികാരമായിരുന്നു ബ്രിട്ടീഷുകാർ ഇന്ത്യ വിടുക എന്നത്. എന്നാൽ അവിടെയും കരിങ്കാലിപ്പണി കാണിച്ച് ബ്രിട്ടീഷുകാരെ അനുകൂലിച്ച ചില ജന്മിമാരുണ്ടായിരുന്നു. സ്വാഭാവികമായും ഹാജിയുടെ നീതിബോധം അവർക്കെതിരായി ചിന്തിച്ചു. അതിനുദാഹരണമാണ് പൂക്കോട്ടൂർ കോവിലകം ആക്രമിച്ചത്. എന്നാൽ അവിടെനിന്നുള്ള സ്വത്തുവകകൾ കോവിലകത്തിൻ്റെ ആശ്രിതരായ കുടിയാൻമാർക്കുതന്നെയാണ് നൽകിയത്.

ഇന്ത്യയിൽ ഖിലാഫത്ത് പ്രസ്ഥാനത്തിൽ പ്രകടമായ ഹിന്ദു മുസ്ലീം ഐക്യം ഏറെക്കഴിയും മുൻപ് തകർന്നു. ഇരു വിഭാഗത്തിലെയും മതമൗലികവാദികൾ സ്വന്തം മതതാൽപ്പര്യങ്ങൾക്കു വേണ്ടി പരസ്പരം പോരാടാൻ തുടങ്ങി. അതിൻ്റെ ഒരു ദുരന്തഫലമാണ് ഗാന്ധിജിയുടെ രക്തസാക്ഷിത്വം പോലും. ഹിന്ദു മൗലികവാദമാണ് ഗാന്ധിജിയെ വധിച്ചത്. ഗാന്ധിജി മുസ്ലീം പക്ഷം നിൽക്കുന്നുവെന്നാരോപിച്ചുകൊണ്ട്.

ഈ പശ്ചാത്തലത്തിലാണ് മലബാറിലെ സാഹചര്യങ്ങളും നോക്കിക്കാണേണ്ടത്. ഇന്ത്യയൊട്ടാകെ ഹിന്ദുക്കളും മുസ്ലീങ്ങളും പരസ്പരം ആക്രമിച്ചു. എന്നാൽ വാരിയംകുന്നൻ ഒരു മതമൗലികവാദിയായിരുന്നില്ല എന്ന് ചരിത്രം പറയുന്നുണ്ട്. മതാധിഷ്ഠിത കലാപങ്ങളെ അടിച്ചമർത്തുക മാത്രമാണ് അദ്ദേഹം ചെയ്തത്. അന്നത്തെ സാഹചര്യത്തെ വിശദമാക്കുന്നൊരു കത്ത് 1921 ഒക്ടോബർ 7 ന് ഹാജി ‘ഹിന്ദു’ പത്രത്തിനെഴുതിയത് 18 ന് അവർ പ്രസിദ്ധീകരിച്ചിരുന്നു.

അന്നും ഇന്നും എന്നും മതമൗലികവാദങ്ങൾ മനുഷ്യരെ തമ്മിലടിപ്പിക്കാനും രാജ്യത്ത് ചോരപ്പുഴകളൊഴുക്കാനും മാത്രമേ ഇടയാക്കിയിട്ടുള്ളൂ. ഇന്ന് വാരിയൻകുന്നനേക്കുറിച്ച് ഒരു സിനിമ ഉണ്ടാകുമ്പോൾ കോപാന്ധരാകുന്നത് വില കുറഞ്ഞ മതതീവ്രവാദത്തെ ചുമക്കുന്നവരാണ്. ഹിന്ദു തീവ്രവാദികൾ ഒരു പക്ഷം പിടിച്ച് ആയുധമെടുക്കുമ്പോൾ സ്വാഭാവികമായും മുസ്ലീം തീവ്രവാദികൾ മറുപക്ഷത്ത് ആയുധമെടുക്കും. യാതൊരു ചരിത്രബോധവുമില്ലാത്ത, അഥവാ ചരിത്രത്തിൽ കരിങ്കാലിപ്പണി മാത്രം വഴങ്ങിയിട്ടുള്ള വിഭാഗങ്ങൾ സ്വാഭാവിക ജീവിതം ആഗ്രഹിക്കുന്ന  സാധാരണക്കാരായ മലയാളികളുടെ സമാധാനജീവിതത്തിനു മേലാണ് വർഗ്ഗീയാഗ്നി പടർത്തുന്നത്. ഹൊ.വെ. ശേഷാദ്രിയെ പോലുള്ളവരുടെ ഹിന്ദുപക്ഷ ചരിത്ര ചിന്തകളാണ് യഥാർത്ഥ ചരിത്രത്തെ വർഗ്ഗീയവിഷം പുരട്ടി വികലമാക്കുന്നത്.

കുറത്തിയാടൻ, ചീഫ് എഡിറ്റർ (ദി കേരള ഓൺലൈൻ)

Cont: 9496149637, pradeeppramaani@gmail.com

%d bloggers like this: