വീണ്ടും പ്രണയപ്പക? വര്‍ക്കലയില്‍ 17 കാരിയെ അര്‍ധരാത്രി കഴുത്തറുത്ത് കൊന്നു, ആണ്‍സുഹൃത്ത് പിടിയില്‍

തിരുവനന്തപുരം: തലസ്ഥാനത്തെ ഞെട്ടിച്ച് 17 കാരിയുടെ കൊലപാതകം. തിരുവനന്തപുരം വര്‍ക്കലയില്‍ ആണ് 17 വയസുകാരിയെ കഴുത്തറുത്ത് കൊന്നത്. വടശേരി സംഗീത നിവാസില്‍ സംഗീത ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ ആണ്‍ സുഹൃത്ത് പള്ളിയ്ക്കല്‍ സ്വദേശി ഗോപുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി 1.30 യോടെ ആണ് സംഭവം.

രണ്ടാം വര്‍ഷം ഡിഗ്രി വിദ്യാര്‍ത്ഥിനിയാണ് കൊല്ലപ്പെട്ട സംഗീത. വീടിന് വെളിയില്‍ കഴുത്തറുത്ത് പിടയുന്ന നിലയില്‍ ആണ് സംഗീതയെ കാണുന്നത്. പിതാവ് സജീവ് ആണ് സംഗീതയെ ആദ്യം കണ്ടത്. വാതിലില്‍ ആരോ നിര്‍ത്താതെ അടിക്കുന്ന ശബ്ദം കേട്ടാണ് താന്‍ നോക്കിയത് എന്നും ജനല്‍ തുറന്ന് നോക്കിയപ്പോള്‍ മകള്‍ ജീവന് വേണ്ടി പിടയുന്നതാണ് കണ്ടത് എന്നും സജീവ് പറയുന്നു.കഴുത്തിലാകെ രക്തമായിരുന്നു എന്നും മകള്‍ക്ക് സംസാരിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല എന്നും സജീവ് എന്ന ബാബുകുട്ടന്‍ പറഞ്ഞു. ബന്ധുക്കളെ വിളിച്ച് കൂട്ടി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സഹോദരിക്കൊപ്പം ഉറങ്ങാന്‍ കിടന്നതായിരുന്നു സംഗീത. സംഗീതയെ രാത്രി വീടിന് പുറത്തേക്ക് വിളിച്ചിറക്കി ആണ് പ്രതി ആക്രമിച്ചത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്. സംഗീതയുടെ സുഹൃത്തായ ഗോപു, അഖില്‍ എന്ന പേരില്‍ മറ്റൊരു നമ്പറില്‍ സംഗീതയുമായി ചാറ്റ് തുടങ്ങി ബന്ധം സ്ഥാപിച്ചിരുന്നു. അഖില്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് സംഗീത വീടിന് പുറത്തേയ്ക്ക് ഇറങ്ങിയത്. എന്നാല്‍ ഹെല്‍മറ്റ് ധരിച്ചായിരുന്നു പ്രതി എത്തിയിരുന്നത്. ഇതില്‍ സംശയം തോന്നിയ സംഗീത പ്രതിയോട് ഹെല്‍മറ്റ് മാറ്റാന്‍ ആവശ്യപ്പെടുകയായിരുന്നു.

ഇതിനിടയില്‍ ആണ് ഗോപു സംഗീതയെ ആക്രമിച്ചത്. പേപ്പര്‍ മുറിക്കുന്ന കത്തി ഉപയോഗിച്ചാണ് സംഗീതയെ ഗോപു ആക്രമിക്കുന്നത്. 20 കാരനായ പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും എന്നും പൊലീസ് അറിയിച്ചു. അതേസമയം പെണ്‍കുട്ടി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ കാണാനില്ല എന്ന് റിപ്പോര്‍ട്ടുണ്ട്.