ART CULTURE GENERAL KERALA PRD News

വെള്ളാര്‍ ആര്‍ട്ട്‌സ് ആന്റ് ക്രാഫ്റ്റ്‌സ് വില്ലേജ് പ്രവര്‍ത്തനസജ്ജമാകുന്നു

img

തിരുവനന്തപുരം: കോവളത്തിനടുത്ത് ആരംഭിക്കുന്ന വെള്ളാര്‍ ആര്‍ട്‌സ് ആന്റ് ക്രാഫ്റ്റ്‌സ് വില്ലേജിന്റെ ആദ്യ ഘട്ടം പ്രവര്‍ത്തനസജ്ജമായി. കേരളത്തിന്റെ കരകൗശല കലാവൈദഗ്ദ്ധ്യം പുനരുജ്ജീവിപ്പിക്കാനും പരിപോഷിപ്പിക്കാനും ലോക നിലവാരത്തിലേക്ക് ഉയര്‍ത്താനും കലാകാരന്‍മാര്‍ക്ക് മാന്യമായ ഉപജീവനം ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള പദ്ധതിയാണിത്. കേരളീയ പൈതൃകോത്പന്നങ്ങളെ ആഗോളവിപണിയില്‍ പരിചയപ്പെടുത്താനും വിപണി വികസിപ്പിക്കാനുമുള്ള വിവിധപരിപാടികളും ക്രാഫ്റ്റ് വില്ലേജ് ആവിഷ്‌ക്കരിച്ചിട്ടുണ്ട്.

28 സ്റ്റുഡിയോകളിലായി 50ഓളം ക്രാഫ്റ്റുകളാണ് ആദ്യ ഘട്ടത്തില്‍ ഒരുക്കിയിരിക്കുന്നത്. ഓരോ സ്റ്റുഡിയോയിലും നിര്‍മാണം നേരിട്ട് കാണാനും അവ വാങ്ങാനും സൗകര്യമുണ്ട്. പെയിന്റിങ്ങുകള്‍, കളിമണ്‍ പാത്രങ്ങള്‍, ചൂരല്‍ ഉത്പന്നങ്ങള്‍, ആഭരണങ്ങള്‍, ഗൃഹാലങ്കാരസാമഗ്രികള്‍, ഗൃഹ – ഓഫീസ് ഉപകരണങ്ങള്‍, വസ്ത്രങ്ങള്‍, പ്രതിമകള്‍, കൗതുകവസ്തുക്കള്‍, സ്മരണികകള്‍, തടിയും പനമ്പും പനയോലയും തഴയും മുളയും ഈറ്റയും ചിരട്ടയും ചകിരിയും തുണിയും കൊണ്ടു നിര്‍മ്മിച്ച കാഴ്ചവസ്തുക്കളും ഉപകരണങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

ബംഗാള്‍, ഒഡിഷ സംസ്ഥാനങ്ങളിലെ പട്ടചിത്ര പെയിന്റിങ്, കേരളത്തിന്റെ ചുവര്‍ച്ചിത്രങ്ങള്‍, പ്രാചീന ഈജിപ്റ്റില്‍ ആവിര്‍ഭവിച്ചതായി കരുതുന്ന വര്‍ണ്ണോജ്ജ്വലമായ പേപ്പര്‍ ക്വില്ലിങ്, നൂറ്റാണ്ടുകളുടെ ചരിത്രമുള്ള നെട്ടൂര്‍ പെട്ടികള്‍, ഗ്ലാസ് – കല്ല് ആഭരണങ്ങളും കൗതുകവസ്തുക്കളും, ഡ്രൈ ഫ്‌ളവര്‍, കടലാസുമുതല്‍ ലോഹങ്ങള്‍ വരെ ഉപയോഗിച്ചുള്ള കരകൗശലോത്പന്നങ്ങള്‍, ആനക്കൊമ്പിലുള്ള സര്‍ഗ്ഗസൃഷ്ടികള്‍, പൂരം ക്രാഫ്റ്റ്, ഹമ്മോക്കുകള്‍ തുടങ്ങി രാജ്യത്തിനകത്തും പുറത്തുമുള്ള മികച്ച കരകൗശലവസ്തുക്കള്‍ സ്റ്റുഡിയോകളില്‍ കാണാനാവും. ദാരുശില്പവിഭാഗത്തില്‍ തേക്കും റോസ് വുഡ്ഡും വൈറ്റ് വുഡ്ഡും ഒക്കെയുണ്ട്. മരയുത്പന്നങ്ങളില്‍ ഗൃഹോപകരണങ്ങള്‍ മുതല്‍ കളിപ്പാട്ടങ്ങള്‍വരെ നിര്‍മിക്കുന്ന വിഭാഗങ്ങളാണുള്ളത്.

ആറന്‍മുളക്കണ്ണാടി, പെരുവമ്പ് വാദ്യോപകരണങ്ങള്‍, ബാലരാമപുരം കൈത്തറി, മുട്ടത്തറ ദാരുശില്‍പ്പങ്ങള്‍, തഴവ തഴയുത്പന്നങ്ങള്‍ എന്നിവയൊക്കെ തനിമ ചോരാതെ സജ്ജീകരിച്ചിട്ടുണ്ട്. 750 കരകൗശല കൈത്തൊഴില്‍ കലാകാരന്‍മാര്‍ക്ക് ഇവിടെ തൊഴിലും ഉറപ്പാക്കിയിട്ടുണ്ട്. കൈത്തറിക്കു നല്കിയ സംഭാവനകള്‍ക്കു പദ്മശ്രീ ലഭിച്ച ഗോപി മാസ്റ്ററും ശില്പഗുരു അവാര്‍ഡ് ജേതാവ് കെ. ആര്‍. മോഹനനും ധാരാളം ദേശീയ, സംസ്ഥാന അവാര്‍ഡ് ജേതാക്കളും അടങ്ങുന്ന മികച്ച കലാകാന്‍മാരുടെ നിര ഇവിടെയുണ്ട്. രാജ്യാന്തര നിലവാരത്തില്‍ പെയിന്റിങ്, ടെറാക്കോട്ട, കൈത്തറി, ശില്പങ്ങള്‍, മുള-ഈറ്റയുത്പന്നങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി നിശ്ചിത തീം അടിസ്ഥാനമാക്കി ആര്‍ട്ട്  ആന്റ് ക്രാഫ്റ്റ് ബിനാലെയും വര്‍ക്ക്‌ഷോപ്പുകളും എല്ലാക്കൊല്ലവും സംഘടിപ്പിക്കാനും പദ്ധതിയുണ്ട്.

തെരഞ്ഞെടുക്കുന്ന ചിത്രകാരന്‍മാരുടെ ചിത്രങ്ങള്‍ ക്രാഫ്റ്റ് വില്ലേജിന്റെ ആര്‍ട്ട് ഗ്യാലറിയില്‍ സന്ദര്‍ശകര്‍ക്കു വിരുന്നൊരുക്കും. എല്ലാ രാജത്തേയും ലോകനിലവാരത്തിലുള്ള ക്രാഫ്റ്റുകളുടെയും ചിത്രങ്ങളുടെയും നൂതനവിപണനത്തിനു വേദിയാകുന്ന എംപോറിയം വില്ലേജിന്റെ പ്രത്യേകതയാണ്. സുഗന്ധവിളത്തോട്ടം, ഔഷധത്തോട്ടം, ശലഭോദ്യാനം, ഇവല്യൂഷന്‍ ഗാര്‍ഡന്‍ തുടങ്ങിയവയാണ് മറ്റൊരു പ്രധാന ആകര്‍ഷണം.

വിദേശികള്‍ക്ക് കേരളത്തിന്റെ പൈതൃകവും സംസ്‌കാരവും പരിചയപ്പെടുത്താന്‍ തെയ്യം, കഥകളി, കോല്‍ക്കളി, തിരുവാതിര, മാര്‍ഗ്ഗംകളി, പാവക്കൂത്ത്, കളരിപ്പയറ്റ് എന്നിവയും ഓഫ്സീസണുകളില്‍ തദ്ദേശിയര്‍ക്കായി വിദേശകലാരൂപങ്ങളും അവതരിപ്പിക്കും. തുടക്കത്തില്‍ ശനി, ഞായര്‍ ദിവസങ്ങളിലും മറ്റ് അവധിദിവസങ്ങളിലുമാവും കലാപരിപാടികള്‍ അവതരിപ്പിക്കുക. ആര്‍ച്ചറി, ഷൂട്ടിങ്ങ്, റോക്ക് ക്ലൈംബിങ് തുടങ്ങിയ സാഹസികവിനോദങ്ങള്‍ ഉള്‍പ്പെടുത്തി യുവാക്കളെ ആകര്‍ഷിക്കുന്നതിന് ഗെയിം സോണും ഒരുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഭാവിയില്‍ ഇതിനെ ട്രെയിനിംഗ് ക്‌ളബായി ഉയര്‍ത്താനാണ് ആലോചിക്കുന്നത്.

രാജ്യത്തെ പ്രമുഖ ഇന്റീരിയര്‍ ഡിസൈനര്‍മാര്‍, ഫാഷന്‍ ഡിസൈനര്‍മാര്‍, ആര്‍ക്കിടെക്ടുകള്‍ എന്നിവരെ സഹകരിപ്പിച്ചു വിപുലമായ വിപണനത്തിനുള്ള സ്ഥിരം വേദി ഒരുക്കും. ഉത്പന്നങ്ങളും ഉപഭോക്താവിന്റെ ഇഷ്ടാനുസരണം കസ്റ്റമൈസ് ചെയ്യുക, ലിമിറ്റഡ് എഡിഷന്‍ ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുക തുടങ്ങിയ വിപണിവികസനപരിപാടികളും പദ്ധതിയുടെ ഭാഗമാണ്.