SPECIAL REPORTER

മാധ്യമപ്രവര്‍ത്തകര്‍ കോവിഡ് മുന്നണിപ്പോരാളികള്‍ തന്നെ കണ്ടില്ലെന്ന് എന്തിന് നടിക്കുന്നു.

img

മാധ്യമപ്രവര്‍ത്തകര്‍ ഏറ്റവും അധികം വെല്ലുവിളി നേരിടുന്നത് യുദ്ധം, പ്രകൃതിദുരന്തങ്ങള്‍, മഹാമാരികള്‍ തുടങ്ങിയ സംഭവങ്ങള്‍ അരങ്ങേറുമ്പോളാണ്. 2020 ജനുവരി മുതല്‍ രാജ്യത്ത് കോവിഡ് സാന്നിധ്യം അറിയിച്ചു തുടങ്ങി. ഇപ്പോള്‍ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിനില്‍ക്കുകയാണ്. ഈ കാലയളവിനുള്ളില്‍ ഏറ്റവുമധികം പ്രതിസന്ധികള്‍ നേരിട്ട ഒരു തൊഴില്‍ വിഭാഗമാണ് മാധ്യമ പ്രവര്‍ത്തകര്‍. പ്രതിസന്ധികളും അനുഭവിച്ച ദുരിതങ്ങളും വലുതാണ്. എല്ലാ ജീവിത പ്രവര്‍ത്തനങ്ങളെയും ഭരണകൂടം നിയന്ത്രിച്ചു കഴിഞ്ഞിരുന്ന ഈ കാലയളവില്‍ ജനജീവിതവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ സാമൂഹിക ശ്രദ്ധയില്‍ നിലനിര്‍ത്തുന്ന ഉജ്ജ്വലമായ പ്രവര്‍ത്തനമാണ് ഇന്ത്യയിലെ മാധ്യമ പ്രവര്‍ത്തകര്‍ നിര്‍വഹിച്ചത്. മാധ്യമ സ്ഥാപനങ്ങളിലെ മുന്‍നിരക്കാര്‍ തുടങ്ങി ഗ്രാമങ്ങളില്‍ വാര്‍ത്തകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന പ്രാദേശിക ലേഖകര്‍ വരെ ഉള്ളവരുടെ പ്രവര്‍ത്തനമാണ് ഇന്ത്യന്‍ സമൂഹത്തില്‍ എന്തു നടക്കുന്നു എന്ന് ജനങ്ങളില്‍ എത്തിച്ചു കൊണ്ടിരുന്നത്.

 

ഒരു വശത്ത് ദുരിതവും മറുവശത്ത് അത് ഏറ്റുവാങ്ങിക്കൊണ്ട് വലിയ സാമൂഹിക ദൗത്യവും നിര്‍വഹിച്ച ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരോട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും പൊതുസമൂഹത്തിലെ സംഘടനകളും സ്വീകരിച്ചിട്ടുള്ള നിലപാട് പരിശോധിക്കേണ്ട ഘട്ടമാണിത്.

കോവിഡ് കാലഘട്ടത്തില്‍ നിരവധി സാമൂഹിക രാഷ്ട്രീയ സംഭവങ്ങള്‍ രാജ്യത്ത് അരങ്ങേറുകയുണ്ടായി. സാമൂഹിക ദുരന്തങ്ങളും സംഭവിച്ചിട്ടുണ്ട്. ഇതെല്ലാം അരങ്ങേറുന്ന സ്ഥലങ്ങളില്‍ അപ്പോള്‍ തന്നെ എത്തുകയും വാര്‍ത്തയും വിവരങ്ങളും ശേഖരിക്കുകയും ചെയ്യുക മാത്രമല്ല അവ മുന്‍പ് എന്നതുപോലെ യഥാസമയം ജനങ്ങളിലെത്തിക്കുന്ന പ്രവര്‍ത്തനവും നടക്കുകയുണ്ടായി. ഇതിന്റെ ഭാഗമായി കോവിഡ് ബാധിതരായി മുന്നൂറോളം മാധ്യമ പ്രവര്‍ത്തകര്‍ ഇന്ത്യയില്‍ മരിക്കുകയുണ്ടായി. കേരളത്തില്‍ മൂന്ന് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. പോലീസ്, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയ വിഭാഗങ്ങളില്‍ രോഗബാധ ഉണ്ടായതിന്റെ നിരക്കിനേക്കാള്‍ ഉയര്‍ന്ന വിധത്തിലാണ് മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ രോഗബാധ സംഭവിച്ചിട്ടുള്ളത്.

കോവിഡാനന്തര രോഗങ്ങളും ബുദ്ധിമുട്ടുകളും പേറിക്കൊണ്ടാണ് ഇവര്‍ ഇപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.

രോഗഭീഷണിയുടെ നടുവില്‍ മാധ്യമ പ്രവര്‍ത്തനം നടത്തുന്നവരുടെ വെല്ലുവിളികളുടെ മുഖമാണ്. അതിലേറെ ഭീകരത നിറഞ്ഞതാണ്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഉടലെടുത്ത സാമൂഹിക രാഷ്ട്രീയ അന്തരീക്ഷം ഏല്ലാം തകര്‍ത്തുകളഞ്ഞു എന്നു പറയാം. ഏതു ഭാഷയിലാണെങ്കിലും ഒന്നോ രണ്ടോ വന്‍കിടക്കാര്‍ ഒഴിച്ചാല്‍ ചെറുതും ഇടത്തരവുമായ മാധ്യമങ്ങളാണ് ഇന്ത്യന്‍ മാധ്യമ മേഖലയുടെ സവിശേഷത. ദേശീയ മാധ്യമങ്ങളുടെ ഇടയിലും ഈ സവിശേഷത ദര്‍ശിക്കുവാന്‍ കഴിയും. മൂന്നോ നാലോ മാധ്യമ ശൃംഖലകള്‍ കഴിഞ്ഞാല്‍ ഇടത്തരം ചെറുകിട സ്വഭാവത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മാധ്യമങ്ങളാണ് ഇന്ത്യന്‍ വൈവിധ്യത്തിന്റെയും ഇന്ത്യന്‍ ജനപക്ഷ മാധ്യമപ്രവര്‍ത്തനത്തിന്റെയും ശക്തി എന്ന് വ്യക്തമാണ്.

മാധ്യമസ്ഥാപനങ്ങളിലെ വലുതും ചെറുതുമായ തസ്തികകളില്‍ ജോലി ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ ഒട്ടാകെ നേരിട്ട പ്രതിസന്ധി അവരുടെ സാമ്പത്തിക ജീവിതത്തിനുണ്ടായ ആഘാതമാണ്.

പത്രം, ടെലിവിഷന്‍, ഓണ്‍ലൈന്‍ എന്നീ രംഗങ്ങളിലുള്ള മാധ്യമങ്ങളുടെ പരസ്യവരുമാനം ഏറെക്കുറെ നിലച്ചു. വരിസംഖ്യയില്‍ നിന്ന് അല്ല മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന്് എല്ലാവര്‍ക്കും അറിയാം. വരിസംഖ്യയില്‍ നിന്നുള്ള വരുമാനം കൊണ്ട് പ്രവര്‍ത്തിക്കുന്ന ചാനലുകളും വിരളമാണ്. പത്രങ്ങളുടെ കാര്യത്തിലാണ് വരിസംഖ്യ ഉള്ളത്. പത്ര വരിസംഖ്യയുടെ രണ്ടും മൂന്നും ഇരട്ടി പണം അതിന്റെ ഉല്‍പാദന ചിലവായി വരുന്നുണ്ട്. ബാക്കി കണ്ടെത്തുന്നത് പരസ്യങ്ങളിലൂടെയാണ്.

ലോക്ഡൗണ്‍ ആയി. മിക്കവാറും എല്ലാ മേഖലകളിലും നിയന്ത്രണങ്ങള്‍ മാസങ്ങളോളം തുടര്‍ന്നു. പുതിയ മൂലധന നിക്ഷേപങ്ങള്‍ ഉണ്ടായില്ല. സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ നിശ്ചലമായി. പരസ്യങ്ങളുടെ വരവും കുറഞ്ഞു. ഇതോടെ കൂട്ട പിരിച്ചുവിടലിനാണ് ഇന്ത്യയില്‍ എല്ലാ മാധ്യമ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ ഇരയായത്. പിരിച്ചുവിട്ട സംഭവങ്ങള്‍ ഉണ്ട്, ശമ്പളം കുടിശ്ശികയായി നിലനിര്‍ത്തിക്കൊണ്ട് ജോലി ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യമുണ്ട്. ശമ്പളം വെട്ടികുറച്ചും ജോലി ദിവസം കുറച്ചും ഇങ്ങനെ പല വിധത്തിലാണ് മാധ്യമപ്രവര്‍ത്തകരുടെ ജീവിതത്തില്‍ കോവിഡിന്റെ പ്രതിഫലനം ഉണ്ടായത്. കുടുംബജീവിതത്തിന്റെ താളം തെറ്റി. സാമൂഹ്യജീവിതത്തിലെ അന്തസ്സും നിലനില്‍പ്പും അപകടത്തിലായി. ഇതാണ് ദുരന്തപൂര്‍ണമായ സ്ഥിതിവിശേഷം.

എന്നാല്‍ അറിയേണ്ട എല്ലാ കാര്യങ്ങളും വീഴ്ച വരുത്താതെ ജനങ്ങളെ അറിയിക്കുന്ന ജോലി ചീഫ് എഡിറ്റര്‍ മുതല്‍ പ്രാദേശിക ലേഖകന്‍ വരെയുള്ള മാധ്യമപ്രവര്‍ത്തകര്‍ നിര്‍വ്വഹിച്ചിരുന്നു എന്ന കാര്യം വിസ്മരിക്കുവാന്‍ കഴിയില്ല. റോയിട്ടേഴ്‌സ് അടക്കമുള്ള അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ വരെ ലഡാക്കിലെ അതിര്‍ത്തിയില്‍ എന്തു നടക്കുന്നു എന്ന് കൃത്യമായി റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയാതെ നിന്ന സാഹചര്യത്തില്‍ പോലും ഇന്ത്യന്‍ മാധ്യമങ്ങള്‍ അവിടെ നടന്ന സംഭവങ്ങള്‍ വളരെ കൃത്യമായി ആധികാരികതയോടുകൂടി ലോകത്തെ അറിയിച്ചത് ചെറിയ കാര്യമല്ല. ഉത്തര്‍പ്രദേശില്‍ അരങ്ങേറിയ സ്ത്രീപീഡനങ്ങളുടെ വാര്‍ത്തകള്‍ മാത്രമല്ല അവ മറയ്ക്കുവാന്‍ വേണ്ടി കുറ്റവാളികള്‍ക്കൊപ്പം നിന്ന് പോലീസ് ഉദ്യോഗസ്ഥര്‍ കാട്ടിക്കൂട്ടിയ കള്ളത്തരങ്ങളും സത്യസന്ധവും കൃത്യവുമായി ജനങ്ങളില്‍ എത്തി. പല സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് നടന്നു. കേരളം തിളച്ചു മറിഞ്ഞ രാഷ്ട്രീയ പ്രക്ഷോഭങ്ങളുടെ വേദിയായി. ലാത്തിയടിയും ജലപീരങ്കി പ്രയോഗവും അരങ്ങേറിയ സ്ഥലത്ത് ആളുകള്‍ തിങ്ങി കൂടിയതിന് നടുവില്‍ മാധ്യമപ്രവര്‍ത്തകര്‍ പ്രവര്‍ത്തിച്ചിരുന്നു. ശമ്പളമില്ലാതെ, അല്ലെങ്കില്‍ ശമ്പളം മുടങ്ങിയ നിലയില്‍, അരി വാങ്ങുവാന്‍ മാര്‍ഗമില്ലാതെ, കുടുംബം പുലര്‍ത്താന്‍ കഴിയാതെ, ജീവിത തകര്‍ച്ചയെയും നേരിട്ടിരുന്ന മാധ്യമപ്രവര്‍ത്തകര്‍ ചെയ്യേണ്ട ജോലിയില്‍നിന്ന് വിട്ടു നിന്നില്ല എന്ന വസ്തുത നിഷേധിക്കാനാവില്ല.

ഈ സാഹചര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും ഇന്ത്യയിലെ രാഷ്ട്രീയപ്രസ്ഥാനങ്ങളും സാമൂഹ്യ സംഘടനകളും മാധ്യമപ്രവര്‍ത്തകരോട് എന്ത് സമീപനം എടുത്തു എന്ന് പരിശോധിക്കണം.

പൊതുജനങ്ങളെയും രോഗികളെയും കൈകാര്യം ചെയ്യുന്നതിന്റെ പേരിലാണ് പോലീസും ആരോഗ്യപ്രവര്‍ത്തകരും അടക്കമുള്ളവര്‍ കോവിഡ് മുന്നണിപ്പോരാളികള്‍ ആയി പരിഗണിക്കപ്പെടുന്നത്. പോലീസിനൊപ്പവും ആശുപത്രിക്ക് ഉള്ളിലും പുറത്തും വാര്‍ത്തകള്‍ തേടിയും റിപ്പോര്‍ട്ട് ചെയ്തും പ്രവര്‍ത്തിച്ചിരുന്ന മാധ്യമപ്രവര്‍ത്തകര്‍ എന്തുകൊണ്ട് കോവിഡ് മുന്നണിപ്പോരാളികള്‍ അല്ലാതായി.

മറ്റെല്ലാ വിഭാഗങ്ങളും അവധി കൊടുക്കുകയോ വീട്ടില്‍ ഇരിക്കുകയോ ആയിരുന്നപ്പോള്‍ മുടക്കമില്ലാതെ പത്രങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. വാര്‍ത്തകള്‍ ശേഖരിക്കപ്പെട്ടിരുന്നു ചാനലുകള്‍ 24 മണിക്കൂറും വാര്‍ത്തകള്‍ കൊടുത്തു കൊണ്ടേയിരുന്നു. നാട്ടില്‍ നടക്കുന്ന സംഭവങ്ങള്‍ ജനങ്ങളെ അറിയിക്കുന്നതിന് മുന്നണിയില്‍ നിന്ന് പ്രവര്‍ത്തിച്ച മാധ്യമപ്രവര്‍ത്തകര്‍ കോവിഡ് കാലഘട്ടത്തിലെ മുന്നണിപ്പോരാളികള്‍ തന്നെയാണ്.

കോവിഡ് കാലഘട്ടത്തിലും സമൂഹത്തെ ആശയവിനിമയമുള്ളതും തുറന്നതുമായ ഒരു ജനാധിപത്യ സമൂഹമായി നിലനിര്‍ത്തിയത് മാധ്യമങ്ങളാണ്. കോവിഡ് സാഹചര്യം എത്ര ഗുരുതരമെന്ന് ഭരണാധികാരികളും ജനങ്ങളും അറിഞ്ഞതും ബോധ്യപ്പെട്ടതും അതിനെതിരെ സജ്ജരാകുവാന്‍ തയ്യാറായതും മാധ്യമങ്ങള്‍ നടത്തിയ പ്രവര്‍ത്തനത്തിലൂടെയാണ്. എന്നിട്ടും മാധ്യമപ്രവര്‍ത്തകര്‍ക്ക് യാതൊരുവിധ പരിഗണനയും നല്‍കിയില്ല.

ഈ വിഷയം ദേശീയ തലത്തില്‍ ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് യൂണിയനും മാധ്യമ സ്ഥാപനങ്ങളുടെ ഉടമകളുടെ സംഘടനകളും സര്‍ക്കാരിന്റെ മുന്‍പില്‍ കൊണ്ടു വന്നിരുന്നു. ഇന്ത്യന്‍ ജനാധിപത്യത്തെ വിലമതിക്കുന്ന രാഷ്ട്രീയപാര്‍ട്ടികളും സാമൂഹിക സംഘടനകളും നേതാക്കളും ഈ ചോദ്യം ഉന്നയിക്കുവാന്‍ ഇനിയെങ്കിലും രംഗത്ത് വരേണ്ടതാണ്.

മാധ്യമപ്രവര്‍ത്തകരുടെ രാജ്യത്തെ ഏറ്റവും വലിയ ട്രേഡ് യൂണിയന്‍ പ്രസ്ഥാനമായ ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് യൂണിയന്‍ 2020 ജനുവരി മുതല്‍ മാധ്യമപ്രവര്‍ത്തകരും മാധ്യമ സ്ഥാപനങ്ങളും നേരിടുന്ന പ്രതിസന്ധികളെ സംബന്ധിച്ച് വിവിധ വേദികളിലൂടെ പ്രതികരിച്ചിരുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് സാഹചര്യം വ്യക്തമാക്കിയിരുന്നു. ഇതിനുപുറമേ ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് യൂണിയന്‍ പ്രതിനിധികള്‍ പ്രസ് കൗസില്‍ ഓഫ് ഇന്ത്യ പോലെയുള്ള സ്ഥാപനങ്ങള്‍ക്കുള്ളില്‍ ഈ പ്രശ്‌നം കൊണ്ടുവരികയും അത് ദേശീയതലത്തില്‍ ഉന്നയിക്കപ്പെടുകയും ഉണ്ടായിട്ടുണ്ട്. പ്രശ്‌നങ്ങള്‍ ഉന്നയിക്കപ്പെടാതെ ഇരുന്നിട്ടില്ല. പക്ഷേ സ്ഥിതിയുടെ ഗൗരവം അനുസരിച്ചുള്ള പരിഹാര നടപടികള്‍ ഉണ്ടായിട്ടില്ല. മാതൃകാപരമായ നടപടികള്‍ സ്വീകരിച്ച ഒരു സംസ്ഥാന ഗവണ്‍മെന്റിനെ പോലും ചൂണ്ടിക്കാട്ടുവാനില്ല. മാധ്യമപ്രവര്‍ത്തകര്‍ ഗൗരവമായി കാണേണ്ട ഒരു കാര്യമാണ്.

കോവിഡ് മുന്നണിപ്പോരാളികള്‍ ആയി മാധ്യമപ്രവര്‍ത്തകര്‍ പരിഗണിക്കപ്പെട്ടിരുന്നു എങ്കില്‍ മരണത്തിന് ഇരയായവരുടെ കുടുംബത്തിന് സാമ്പത്തികസുരക്ഷ ലഭിക്കുമായിരുന്നു. രോഗബാധിതരായ ആളുകള്‍ക്കും സാമ്പത്തികവും അല്ലാതെയുമുള്ള സഹായങ്ങളും ലഭ്യമാകുമായിരുന്നു. അപൂര്‍വം ചില സംസ്ഥാനങ്ങള്‍ മാത്രമാണ് വാക്‌സിന്റെ കാര്യത്തിലെങ്കിലും പരിഗണന നല്‍കിയിട്ടുള്ളത്.

ഇന്ത്യന്‍ ജേണലിസ്റ്റ് യൂണിയന്‍ ഇടപെടലിനെ തുടര്‍ന്ന് കോവിഡ് ബാധിച്ച് മരിച്ച 64 മാധ്യമപ്രവര്‍ത്തകര്‍ക്ക് കോവിഡ് പോരാളികള്‍ക്കുള്ള പരിഗണന നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ട്. ഇത്രയും ആളുകള്‍ അല്ല കോവിഡ് ബാധിച്ച് മരിച്ചിട്ടുള്ളത്. കണക്കുകള്‍ അതാത് സംസ്ഥാനത്തുനിന്ന് റിപ്പോര്‍ട്ട് ചെയ്തു വരാത്തതാണ്. ഇന്ത്യയില്‍ മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുതില്‍ ഭൂരിഭാഗം ആളുകളും ഗ്രാമ തലങ്ങളിലോ പ്രാദേശിക തലങ്ങളിലോ പ്രവര്‍ത്തിക്കുന്നവരാണ്. മുഴുവന്‍ സമയം മാധ്യമപ്രവര്‍ത്തകരില്‍ തന്നെ നല്ലൊരു പങ്ക് സ്ഥിരനിയമനം ഇല്ലാത്തവരാണ്. എല്ലാ തരം പരിഗണനകള്‍ക്കും വെളിയിലാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നതും ജീവിക്കുന്നതും. അവര്‍ക്ക് ഉണ്ടാകുന്ന ദുരിതങ്ങള്‍ക്കും ദുരന്തങ്ങള്‍ക്കും ഒരു തലത്തിലുമുള്ള പരിരക്ഷ കിട്ടുന്നില്ല എതാണ് സത്യം.

മാധ്യമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ തട്ടിലുമുള്ള മാധ്യമപ്രവര്‍ത്തകരെ കോവിഡ് മുന്നണിപ്പോരാളികള്‍ ആയി പ്രഖ്യാപിക്കുകയും അത്തരത്തിലുള്ള പരിരക്ഷ ഉറപ്പാക്കുകയും ചെയ്യുന്ന തുറന്ന സമീപനമാണ് സര്‍ക്കാരുകള്‍ കൈക്കൊള്ളേണ്ടത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ പ്രേരിപ്പിക്കുതിന് മാധ്യമപ്രവര്‍ത്തകരും അവരുടെ സംഘടനകളും മാത്രമല്ല മുഴുവന്‍ രാഷ്ട്രീയപ്രസ്ഥാനങ്ങളും സാമൂഹിക സംഘടനകളും മുന്നോട്ടുവരണം. അഭിപ്രായരൂപീകരണം നടത്തണം.

ലേഖകൻ വി. ബി രാജന്‍
ദേശീയ സെക്രട്ടറി ഇന്ത്യൻ ജേർണയലിസ്റ്റ്‌സ് യൂണിയൻ.