ജയ്പൂർ: ഇന്‍ഷൂറന്‍സ് തുക തട്ടിയെടുക്കാന്‍ വേണ്ടി ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്. പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു യുവതിയും ബന്ധുവും കാറിടിച്ച് മരിച്ച സംഭവം കൊലപാതകമാണെന്ന് വ്യക്തമായത്. രാജസ്ഥാനിലെ ജയ്പൂർ സ്വദേശികളായ ശാലു ദേവി(32) ബന്ധുവായ രാജു(36) എന്നിവരുടെ മരണമാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. സംഭവത്തില്‍ ശാലുദേവിയുടെ ഭര്‍ത്താവ് മഹേഷ് ചന്ദ്ര ഉള്‍പ്പടേയുള്ള പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.
ശാലൂ ദേവിയുടെ പേരിലുണ്ടായിരുന്ന 1.90 കോടി രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാന്‍ വേണ്ടിയായിരുന്നു മഹേഷ് ചന്ദ്ര കൊലപാതകം ആസൂത്രണം ചെയ്തത്. ഒക്ടോബർ 5 ന് ഭർത്താവ് മഹേഷ് ചന്ദിന്റെ ആവശ്യപ്രകാരമായിരുന്നു ശാലു തന്റെ ബന്ധുവായ രാജുവിനൊപ്പം മോട്ടോർ സൈക്കിളിൽ ക്ഷേത്രത്തിലേക്ക് പുറപ്പെട്ടത്.
ക്ഷേത്രത്തിലേക്കുള്ള യാത്രക്കിടെ പുലർച്ചെ 4.45 ഓടെ ഒരു എസ്‌യുവി ഇവർ സഞ്ചരിച്ച ബൈക്കിലിടിക്കുകയായിരുന്നു. ശാലു ദേവി അപകടസ്ഥലത്ത് രാജു ആശുപത്രിയില്‍ ചികിത്സയിലിരിക്കേയുമായിരുന്നു മരണപ്പെട്ടത്. തുടക്കത്തില്‍ റോഡപകടം എന്ന നിലയില്‍ തന്നെയായിരുന്നു എല്ലാവരുടേയും നീക്കം. എന്നാൽ, ഇൻഷുറൻസ് തുകയ്‌ക്കായി ചന്ദ് ഭാര്യയെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയതായി അന്വേഷണത്തിൽ തെളിഞ്ഞുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
ചന്ദ് ശാലുവിനെ 40 വർഷത്തേക്കുള്ള ഒരു ഇന്‍ഷൂറന്‍സ് സ്കീമില്‍ ചേർത്തിട്ടുണ്ടെന്നാണ് വെസ്റ്റ് പോലീസ് ഡെപ്യൂട്ടി കമ്മീഷണർ (ഡി സി പി) വന്ദിത റാണ ബുധനാഴ്ച മാധ്യമങ്ങളോട് വ്യക്തമാക്കിയത്. സ്വാഭാവിക മരണത്തിന് ഒരു കോടി രൂപയും അപകട മരണത്തിന് 1.90 കോടി രൂപയും നഷ്ടപരിഹാരമെന്നായിരുന്നു ഇന്‍ഷൂറന്‍സ് സ്കീം. ശാലുവിനെ കൊല്ലാൻ ചാന്ദ് ചരിത്ര ലേഖകനായ മുകേഷ് സിംഗ് റാത്തോഡുമായിട്ടണ് ഗൂഡാലോചന നടത്തിയത്.
വിവാഹം കഴിഞ്ഞ് രണ്ട് വർഷത്തിന് ശേഷം ഇരുവരും തമ്മിൽ തർക്കം ഉണ്ടാകുകയും സ്വന്തം വീട്ടിലേക്ക് താമസം മാറുകയും ചെയ്തു. 2019ൽ ഗാർഹിക പീഡനത്തിനും ഇവർ കേസ് രജിസ്റ്റർ ചെയ്തിരുന്നതായും പോലീസ് അറിയിക്കുന്നു. ഇതിന് പിന്നാലെയാണ് ശാലുവിനായ് ചാന്ദ് ഇന്‍ഷൂറന്‍സ് എടുക്കുന്നത്. പിന്നീട് താൻ ഒരു പ്രാർത്ഥന നടത്തിയെന്നും അത് നിറവേറ്റാൻ ആരോടും പറയാതെ തുടർച്ചയായി 11 ദിവസം മോട്ടോർ സൈക്കിളിൽ ഹനുമാൻ ക്ഷേത്രത്തിൽ പോകേണ്ടിവരുമെന്നും ചന്ദ് ഭാര്യയെ അറിയിച്ചു.
തന്റെ ആഗ്രഹം സാധിച്ചാൽ ഭാര്യയെ വീട്ടിലേക്ക് തിരികെ എത്തിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഇതേത്തുടർന്നാണ് മോട്ടോർ സൈക്കിളിൽ ബന്ധുവിനൊപ്പം ക്ഷേത്രത്തിലേക്ക് പോകാൻ തുടങ്ങിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഒക്‌ടോബർ അഞ്ചിന് ശാലുവും രാജുവും ക്ഷേത്രത്തിലേക്ക് പോകുമ്പോൾ റാത്തോഡും മറ്റ് മൂന്ന് പേരും ചേർന്ന് ഒരു എസ്‌യുവിയിൽ ഇവരെ പിന്തുടര് ന്ന് മോട്ടോർ സൈക്കിളിൽ ഇടിക്കുകയായിരുന്നു, ചന്ദ് എസ്‌യുവിയെ പിന്തുടരുന്നുണ്ടായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കുന്നു. റാത്തോഡും എസ്‌യുവിയുടെ ഉടമ രാകേഷ് സിംഗ്, സോനു എന്നിവരും അറസ്റ്റിലായിട്ടുണ്ട്. മറ്റ് രണ്ട് പ്രതികൾ ഒളിവിലാണെന്നും പോലീസ് അറിയിച്ചു.