തിരുവല്ല: മന്ത്രവാദത്തിനിടെ തന്നെ കൊല്ലാന്‍ ശ്രമിച്ചെന്ന ആരോപണവുമായി കുടക് സ്വദേശിയായ യുവതി രംഗത്ത്. എന്നാല്‍ പരാതി നല്‍കാനോ തന്‍രെ മേല്‍വിലാസം വെളിപ്പെടുത്താനോ തയ്യാറല്ലെന്ന് യുവതി ഡി വൈ എസ് പിയെ അറിയിച്ചു. ചങ്ങനാശേരി സ്വദേശിയായ അമ്പിളിക്കെതിരെയാണ് യുവതി ആരോപണം ഉന്നയിച്ചത്. ഇവര്‍ യുവതിയെ കുറ്റപ്പുഴയിലെ വീട്ടില്‍ എത്തിച്ചെന്നാണ് ആരോപിക്കുന്നത്. ഇതേ തുടര്‍ന്ന് അമ്പിളിയെ ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച ചോദ്യം ചെയ്തു.
എന്നാല്‍ മന്ത്രവാദമോ, കൊലപാതക ശ്രമമോ ഉണ്ടായിട്ടില്ലെന്നാണ് അമ്പിളി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്. കുറ്റപ്പുഴയിലെ വീട്ടില്‍ യുവതി എത്തിയിരുന്നു. വീട്ടില്‍ മൂന്ന് ദിവസം യുവതി ഉണ്ടായിരുന്നു. നാലാം ദിവസം രാവിലെ ഒമ്പതരയോടെയാണ് മടങ്ങിയതെന്ന് അമ്പിളി പറഞ്ഞു. മുത്തൂരില്‍ അമ്പിളി മുമ്പ് താമസിച്ചിരുന്ന വീട്ടില്‍ 2021 ഡിസംബറില്‍ മൂന്ന് ദിവസം കുടക് സ്വദേശിനി വന്നിരുന്നു.
കുറ്റപ്പുഴയിലെ വീട്ടില്‍ നിന്ന് കുടക് സ്വദേശിനി പോകുന്നതിന് തലേന്ന് രാത്രി ഏഴ് മണിയോടെ മൂന്ന് യുവാക്കളും വീട്ടില്‍ എത്തിയിരുന്നു. ഇവര്‍ പത്ത് മണിയോടെ വീട്ടില്‍ നിന്ന് മടങ്ങി. രാത്രി 10.30ന് ചങ്ങനാശേരിക്കാരനും കുടക് സ്വദേശിനിയുടെ പരിചയക്കാരനും വീട്ടില്‍ എത്തിയിരുന്നു. ഇയാള്‍ പോയതിന് ശേഷം പാമ്പാടിക്കാരനായ യുവാവും വീട്ടില്‍ എത്തിയിരുന്നു. ഈ സമയത്ത് കുടക് സ്വദേശിനി ഉറങ്ങുകയായിരുന്നെന്നും അമ്പിള്ി മൊഴി നല്‍കി.അതേസമയം, പരാതികള്‍ ഒന്നും ഇല്ലാത്തതിനാല്‍ അമ്പിളിയെ വിട്ടയച്ചു. എന്നാല്‍ തന്നെ മന്ത്രവാദം നടത്തി കൊല്ലാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ കുടക് സ്വദേശി ഉറച്ച് നില്‍ക്കുകയാണ്. കുറ്റപ്പുഴയിലെ വീട്ടില്‍ വച്ച് മന്ത്രവാദത്തിനുള്ള സാഹചര്യം ഒരുക്കിയെന്നും അവിടെ നിന്നും ഓടി രക്ഷപ്പെട്ടെന്നുമാണ് യുവതി പറയുന്നത്.
രാത്രി പതിനൊന്ന് മണിക്ക് ശേഷം ഈ വീട്ടില്‍ എത്തിയ യുവാവാണ് തന്നെ രക്ഷപ്പെടുത്താന്‍ സഹായിച്ചതെന്നും ഇവര്‍ പറയുന്നു. അതേസമയം, അമ്പിളി സെക്‌സ് റാക്കറ്റിന്റെ ഭാഗമാണെന്ന് വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇവര്‍ ഇടയ്ക്കിടെ വീടുകള്‍ മാറി മാറി വാടകയ്ക്ക് എടുക്കും. അമ്പിളിയുടെ കാര്‍ കുടക് സ്വദേശിനിയുമായി അടുപ്പമുള്ള ഒരു യുവാവിന്റെ കയ്യിലാണുള്ളത്.