കോളേജുകളുടെ സമയം മാറിയേക്കും; രാത്രി എട്ടരവരെ കാമ്പസുകളില്‍ അക്കാദമിക അന്തരീക്ഷം ഒരുക്കും

തിരുവനന്തപുരം: പുതിയ പാഠ്യപദ്ധതി നടപ്പാക്കുന്നതോടെ, അടുത്ത അധ്യയനവര്‍ഷം മുതല്‍ കോളേജുകളുടെ പ്രവര്‍ത്തനസമയം മാറിയേക്കും. രാവിലെ എട്ടിനോ എട്ടരയ്‌ക്കോ കാമ്പസുകളില്‍ അക്കാദമിക അന്തരീക്ഷമൊരുക്കുന്നവിധത്തിലാകും പുതിയ ക്രമീകരണം. അതേസമയം, ക്ലാസുകളുടെ സമയത്തില്‍ നിലവിലെ രീതിതുടരും. ഇതിനുപുറമേ, കോളേജുകളുടെ പ്രവൃത്തിദിനങ്ങള്‍ ആഴ്ചയില്‍ ആറുദിവസമാക്കാനും ആലോചന തുടങ്ങി.

അധ്യാപകരുടെ പ്രവര്‍ത്തനസമയത്തില്‍ മാറ്റം വരുത്താതെയായിരിക്കും പുനഃക്രമീകരണം. വിശദമായ ചര്‍ച്ചയ്ക്കുശേഷമേ ഇക്കാര്യങ്ങള്‍ തീരുമാനിക്കൂവെന്ന് പാഠ്യപദ്ധതി ശില്പശാലയില്‍ ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍. ബിന്ദു വ്യക്തമാക്കി. ക്രെഡിറ്റിനു പ്രാധാന്യംനല്‍കി പാഠ്യപദ്ധതി ഉടച്ചുവാര്‍ക്കാനാണ് ശുപാര്‍ശ. വിദ്യാര്‍ഥികളക്ക് അഭിരുചിക്കനുസരിച്ചുള്ള വിഷയങ്ങള്‍ തിരഞ്ഞെടുക്കാനും അവരുടേതായ സമയമെടുത്ത് പൂര്‍ത്തിയാക്കാനുമാകും.

പഠനത്തിന്റെ ഭാഗമായുള്ള അക്കാദമിക, സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് നിശ്ചിത ക്രെഡിറ്റ് നല്‍കും. വിഷയാധിഷ്ഠിതമായ ചര്‍ച്ചകള്‍, സംവാദങ്ങള്‍, ശില്പശാലകള്‍, സെമിനാറുകള്‍ എന്നിവ നടത്തുകയും അതനുസരിച്ച് ആനുപാതികമായ ക്രെഡിറ്റ് വിദ്യാര്‍ഥിക്ക് ലഭ്യമാക്കും. പഠനം കൂടുതല്‍ വിദ്യാര്‍ഥി കേന്ദ്രീകൃതമാക്കുകയാണ് പരിഷ്‌കാരത്തിന്റെ ലക്ഷ്യം.