ലോകത്തിന്റെ അങ്ങേക്കോണില്‍ മനുഷ്യവാസമില്ലാത്ത അന്റാര്‍ട്ടിക്കയിലെ ഗൗടിയര്‍ ദ്വീപിലെ പോര്‍ട്ട് ലോക്ക്‌റോയില്‍ ഒരു പോസ്‌റ്റോഫീസ്. ഒപ്പമൊരു ഗിഫ്റ്റ്‌ഷോപ്പും ക്വാര്‍ട്ടേഴ്‌സും. താമസക്കാര്‍ ആരുമില്ലെങ്കിലും പോസ്റ്റ്മാസ്റ്ററും ഗിഫ്റ്റ്‌ഷോപ്പ് മാനേജരും സഹായികളുമായി കുറച്ചുപേര്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്. ദ്വീപ് സമൂഹങ്ങളില്‍ കാണുന്ന ജെന്റൂ പെന്‍ഗ്വിനുകളുടെ വിഹാര കേന്ദ്രംകൂടിയാണിവിടം. അതുകൊണ്ടുതന്നെ പെന്‍ഗ്വിന്‍ പോസ്‌റ്റോഫീസ് എന്നും ഇത് അറിയപ്പെടുന്നു. അന്റാര്‍ട്ടിക്കയിലെ പോസ്‌റ്റോഫീസിലേക്ക് ആരാണ് കത്തെഴുതുക, ഇവിടെ എന്തിനാണ് ഒരു ഗിഫ്റ്റ് ഷോപ്പ് എന്നൊക്കെയാണ് ചിന്തിക്കുന്നതെങ്കില്‍ തെറ്റി.
വര്‍ഷാവര്‍ഷം എണ്‍പതിനായിരത്തോളം കത്തുകളും കാര്‍ഡുകളുമാണ് ഇവിടെ നിന്നും ലോകത്തിന്റെ നാനാഭാഗത്തുളള പ്രിയപ്പെട്ടവരെ തേടി യാത്ര തുടങ്ങുന്നത്. വര്‍ഷത്തില്‍ വെറും അഞ്ചുമാസക്കാലം മാത്രമാണ് പോസ്‌റ്റോഫീസ് പ്രവര്‍ത്തിക്കുക. നവംബര്‍ മുതല്‍ മാര്‍ച്ച് വരെ. ഇവിടേക്ക് മാത്രമായി നാല് പേരെ ഓരോ വര്‍ഷവും യു.കെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും. കോവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷക്കാലം സന്ദര്‍ശകരെ വിലക്കി പോസ്റ്റോഫീസ് അടച്ചിട്ടിരിക്കുകയായിരുന്നു. ഇത്തവണ വീണ്ടും തുറന്ന് പ്രവര്‍ത്തനം ആരംഭിക്കാനിരിക്കേയാണ് ഇവിടെയൊരു സംഭവമുണ്ടാകുന്നത്.
കനത്ത മഞ്ഞുവീഴ്ചയില്‍ പോസ്‌റ്റോഫീസും അതിനോട് ചേര്‍ന്ന മ്യൂസിയവും ക്വാര്‍ട്ടേഴ്‌സുമെല്ലാം കനത്ത മഞ്ഞുവീഴ്ചയില്‍ മൂടിപ്പോയി. ബ്രിട്ടീഷ് റോയല്‍ രണ്ടുദിവസത്തെ കഠിനപ്രയത്‌നം നടത്തിയാണ് പോസ്‌റ്റോഫീസും കെട്ടടിവും വീണ്ടെടുത്തത്. പ്രത്യേകിച്ചൊരു ആധുനിക ഉപകരണങ്ങളും ഉപയോഗിക്കാതെ മഞ്ഞുകട്ടകള്‍ നേവി ഉദ്യോഗസ്ഥര്‍ കോരിമാറ്റുകയായിരുന്നുവെന്ന് ബിബിസിയടക്കമുള്ള വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒടുവില്‍ പൈതൃക കെട്ടിടത്തിന് പുതുജീവന്‍ ലഭിച്ചു. വലിയ മഞ്ഞുകട്ടകള്‍ മേല്‍ക്കൂരയില്‍ വീണതിനാല്‍ കെട്ടിടങ്ങള്‍ തകരാന്‍ സാധ്യതയുണ്ടായിരുന്നു. ഇതാണ് വളരെ ക്ഷമയോടെയുളള നേവിക്കാരുടെ ഇടപെടലിലൂടെ പൂര്‍വസ്ഥിതിയിലാക്കിയത്.
ജോലി എളുപ്പമാണെന്ന് ചിന്തിക്കണ്ട. വേനല്‍ക്കാലത്തും മഞ്ഞുമൂടുന്ന, വര്‍ഷത്തില്‍ എണ്ണായിരത്തിലധികം കത്തുകള്‍ കൈകാര്യം ചെയ്യുന്നതിനൊപ്പം ദ്വീപിലെ താമസക്കാരായ പെന്‍ഗ്വിനുകളുടെ കണക്കുമെടുക്കണം. ഒപ്പം പരിമിതമായ ചുറ്റുപാടുകളോട് ഇണങ്ങി ജീവിക്കുകയും വേണം. മൊബൈല്‍ ഫോണോ ലാന്‍ഡ് ഫോണോ ഇല്ല, നേരത്തെ ശേഖരിച്ചുവെക്കുന്ന വെള്ളം മാത്രമാണ് കുടിക്കാനുണ്ടാവുക, ഒറ്റമുറിയില്‍ ഷെയറിംഗ് ബെഡില്‍ ഉറങ്ങുകയും പൊതുശൗചാലയം ഉപയോഗിക്കുകയും വേണം. ഇടയ്ക്കിടെ ദ്വീപ് സന്ദര്‍ശിക്കുന്ന ഐസ്പട്രോള്‍ കപ്പലുകളാണ് ഇവര്‍ക്ക് വേണ്ട സഹായം ചെയ്യുന്നതും സാധനങ്ങള്‍ എത്തിക്കുന്നതും. പോസ്റ്റോഫീസായും മ്യൂസിയമായും ഒരേസമയം പ്രവര്‍ത്തിക്കുന്ന ഇതിന്റെ ചുമതല യു.കെ അന്റാര്‍ട്ടിക്ക ഹെറിറ്റേജ് ട്രസ്റ്റിനാണ്. പോസ്റ്റോഫീസിലെ പോസ്റ്റ്മാസ്റ്റര്‍, ബെയ്സ് ലീഡര്‍, ഷോപ്പ് മാനേജര്‍, സഹായി തുടങ്ങിയ ഒഴിവിലേക്കായിരുന്നു അപേക്ഷ. തിരഞ്ഞെടുക്കപ്പെട്ടവര്‍ കേംബ്രിഡ്ജിലെ പ്രത്യേക പരിശീലനത്തിന് ശേഷമാണ് ജോലിക്ക് കയറിയത്. 1600 ഡോളര്‍ മുതല്‍ 2300 ഡോളര്‍ വരെയയാണ് ശമ്പളം.
